
തിരുവനന്തപുരം: തോല്‍വിക്ക് പിന്നാലെ മറ്റ് പല കാര്യങ്ങളിലെന്ന പോലെ കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ പാളിച്ച സംഭവിച്ചതായി തിരുത്തി സിപിഐഎം. അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിനേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തള്ളുന്നതാണ് റിവ്യൂറിപ്പോര്‍ട്ട്.
സിപിഐഎം അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെയും എല്‍ഡിഎഫ് ഘടകകക്ഷികളെയും വെറുതേവിട്ടിട്ടില്ല. തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ പാളിച്ച സംഭവിച്ചതായി പാര്‍ട്ടി ഔദ്യോഗികമായി സമ്മതിച്ചു. ജില്ലാ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്ത പേരുകള്‍ അതേപടി അംഗീകരിച്ചതിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചത്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം നിരസിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരമുണ്ടായിട്ടും ചെയ്തില്ല. ടി.ഐ. മധുസൂദനനെ മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും പാര്‍ട്ടി നേതൃത്വം തയ്യാറാകണമായിരുന്നുവെന്ന് റിവ്യൂ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സംസ്ഥാന നേതൃത്വത്തിന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മുന്‍ പ്രസ്താവനകളെ പൂര്‍ണ്ണമായി തള്ളുന്നതാണ് സംസ്ഥാന സമിതി അംഗീകരിച്ച പുതിയ അവലോകന റിപ്പോര്‍ട്ട്. പാര്‍ട്ടി നിലപാടുകളോട് വിയോജിച്ച് വിമതര്‍ മത്സരരംഗത്തിറങ്ങിയത് പാര്‍ട്ടിയുടെ ജനപ്രീതിയെയും പ്രതിച്ഛായയെയും ദോഷകരമായി ബാധിച്ചെന്നും, ഇത് എതിരാളികള്‍ക്ക് ആയുധമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില നിര്‍ണ്ണായക മണ്ഡലങ്ങളിലെ പരാജയത്തിന് പിന്നില്‍ ഘടകകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ചാത്തന്നൂര്‍, ചടയമംഗലം എന്നീ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം സിപിഐയ്ക്കുള്ളിലെ ആഭ്യന്തര-സംഘടനാ പ്രശ്‌നങ്ങളാണെന്ന് സിപിഐഎം വിലയിരുത്തുന്നു. കല്‍പ്പറ്റ, എലത്തൂര്‍, കോവളം, കുട്ടനാട് എന്നീ മണ്ഡലങ്ങളില്‍ നേരിട്ട തിരിച്ചടിയ്ക്ക് കാരണം അവിടുത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.






