
തമിഴ് ചലച്ചിത്ര താരം വിശാല് തന്റെ മാതാപിതാക്കളായ ജി. കെ റെഡ്ഡിക്കും ജാനകി ദേവിക്കും 53-ാം വിവാഹവാർഷിക ആശംസകൾ നേർന്നു പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മാതാപിതാക്കളുടെ ദീർഘകാലത്തെ ദാമ്പത്യജീവിതത്തെ ഒരു 'ഇതിഹാസ പ്രണയകഥ' എന്നാണ് താരം വിശേഷിപ്പിച്ചത്.
ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും വർഷത്തെ ഒരുമിച്ചുള്ള ജീവിതം കാണുന്നത് വളരെ അപൂർവ്വമാണെന്നും, അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ഈ ജീവിതം പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്നും വിശാൽ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
"എന്റെ അച്ഛനും അമ്മയ്ക്കും 53-ാം വിവാഹവാർഷികത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. എന്തൊരു അത്ഭുതകരമായ പ്രണയകഥയാണിത്! ഒരുമിച്ച് ഇത്രയും വർഷങ്ങൾ ദാമ്പത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുക എന്നത് ഈ ആധുനിക കാലഘട്ടത്തിൽ വളരെ അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഈ ജീവിതം തീർച്ചയായും എല്ലാവർക്കും ഒരു വലിയ പ്രചോദനം തന്നെയാണ്," വിശാൽ കുറിച്ചു.
ആക്ഷൻ ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിശാൽ. 'ചെല്ലമേ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ അദ്ദേഹം 'സണ്ടക്കോഴി', 'തിമിര്', 'ഇരുമ്പ് തിരൈ', 'തുപ്പറിവാളൻ' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ 'മാർക്ക് ആന്റണി', ഹരി സംവിധാനം ചെയ്ത 'രത്നം', ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്ത 'മദ ഗജ രാജ' എന്നിവയാണ് വിശാലിന്റെ സമീപകാലത്തെ പ്രധാന ചിത്രങ്ങൾ. കൂടാതെ, താരം ആദ്യമായി സംവിധായകന്റെ തൊപ്പിപ്പണിയുന്ന 'മകുടം', 'ഹിറ്റ് മേക്കർ സുന്ദർ സിയുമായി വിശാൽ വീണ്ടും ഒന്നിക്കുന്ന 'പുരുഷൻ തുടങ്ങിയ ചിത്രങ്ങളുടെ അണിയറപ്രവർത്തനങ്ങളുമായി നിലവിൽ തിരക്കിലാണ് താരം.






