
നിങ്ങള്‍ക്ക് രാത്രിയില്‍ ഉത്കണ്ഠ തോന്നുന്നുണ്ടെങ്കില്‍, നിങ്ങള്‍ തനിച്ചല്ല. വൈകിട്ടുള്ള സമയങ്ങളില്‍ നമ്മളെ വൈകാരികമായി കൂടുതല്‍ ദുര്‍ബലരാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രാത്രിയാകുമ്പോള്‍, നിങ്ങള്‍ക്ക് അസ്വസ്ഥതയും മനസ്സിന് ഒരു ഭാരവും അനുഭവപ്പെട്ടു തുടങ്ങിയേക്കാം. ശരീരം തളര്‍ന്ന് വിശ്രമിക്കാന്‍ ആഗ്രഹിക്കുമ്പോഴും, റിലാക്‌സ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഇതിനൊപ്പം, 'ഒരുപക്ഷേ അങ്ങനെ സംഭവിച്ചാലോ' എന്ന ചിന്തകള്‍, പകല്‍ നടന്ന സംഭാഷണങ്ങള്‍ മനസ്സില്‍ വീണ്ടും ഓര്‍ത്തുനോക്കല്‍, പഴയ ഓര്‍മ്മകളിലേക്ക് പോകല്‍, വരാനിരിക്കുന്ന ഏറ്റവും മോശം സാഹചര്യങ്ങളെക്കുറിച്ച് ഭാവനയില്‍ കാണല്‍ എന്നിങ്ങനെ ചിന്തകളുടെ ഒരു വലിയ പ്രവാഹം തന്നെ ഉണ്ടായേക്കാം.
രാത്രിസമയം എങ്ങനെയോ ഉത്കണ്ഠയെ വിളിച്ചുവരുത്തുന്നത് പോലെയാണ് തോന്നുക; നിങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകുകയും ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും അമിതമായി ചിന്തിക്കാന്‍ (overthinking) തുടങ്ങുകയും ചെയ്യുന്നു. ഇതൊരു പൊതുവായ പാറ്റേണിന്റെ ഭാഗമാണ്, അല്ലാതെ വ്യക്തിപരമായ പരാജയമോ ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം ഒതുങ്ങുന്നതോ അല്ല. വാസ്തവത്തില്‍, രാത്രിസമയം നിങ്ങളെ വൈകാരികമായി കൂടുതല്‍ ദുര്‍ബലരാക്കുന്നു.
രാത്രിയില്‍ ഉത്കണ്ഠ കൂടാനുള്ള കാരണങ്ങളെ കുറിച്ച് 'ഗേറ്റ്വേ ഓഫ് ഹീലിംഗ്' (Gateway of Healing) സ്ഥാപകയും ഡയറക്ടറുമായ സൈക്കോതെറാപ്പിസ്റ്റ് ഡോ. ചാന്ദ്നി തുഗ്‌നൈറ്റ് പ്രമുഖ മാധ്യമത്തോട് പങ്ക് വെച്ചത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്.
1. പകല്‍ സമയത്ത് തലച്ചോറിന് വിശ്രമം ലഭിക്കാതിരിക്കുക - ഫോണ്‍ നോട്ടിഫിക്കേഷനുകള്‍, ഡെഡ്ലൈനുകള്‍, ഡിജിറ്റല്‍ ബഹളങ്ങള്‍ എന്നിവ കാരണം പകല്‍ മുഴുവന്‍ തലച്ചോറ് തിരക്കിലായിരിക്കും. രാത്രിയില്‍ കാര്യങ്ങള്‍ ശാന്തമാകുമ്പോള്‍, പകല്‍ അമര്‍ത്തിവെച്ച സമ്മര്‍ദ്ദങ്ങളും പരിഹരിക്കപ്പെടാത്ത ആശങ്കകളും പുറത്തുവരാന്‍ തുടങ്ങുന്നു.
2. സ്‌ട്രെസ് ഹോര്‍മോണുകള്‍ ഇപ്പോഴും സജീവമായിരിക്കുക - ശരീരത്തിന്റെ സ്വാഭാവിക താളമനുസരിച്ച് (natural rhythm) രാത്രിയില്‍ കോര്‍ട്ടിസോള്‍ (Cortisol - സ്‌ട്രെസ് ഹോര്‍മോണ്‍) കുറയേണ്ടതാണ്. എന്നാല്‍ പകല്‍ സമയത്തെ അമിതമായ ഉത്തേജനം ഈ ചക്രത്തെ തടസ്സപ്പെടുത്തുന്നു. ഇതിനാല്‍ രാത്രിയിലും കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന നിലയില്‍ തുടരുകയും, വരാനില്ലാത്ത ഒരു അപകടത്തെ നേരിടാന്‍ നാഡീവ്യൂഹത്തെ സജ്ജമാക്കി നിര്‍ത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിന് അസ്വസ്ഥതയും അമിത ജാഗ്രതയും നല്‍കുകയും റിലാക്‌സ് ചെയ്യാന്‍ കഴിയാതെയാക്കുകയും ചെയ്യുന്നു.
3. രാത്രിയിലെ നിശബ്ദത ചിന്തകളുടെ ശബ്ദം കൂട്ടുന്നു - രാവിലെ സമയങ്ങളില്‍ റോഡിലും അയല്‍പക്കത്തും ജോലിസ്ഥലത്തുമെല്ലാം വലിയ രീതിയില്‍ ബഹളങ്ങളുണ്ടാകും. ഈ ശ്രദ്ധാതിരിപ്പുകള്‍ (distractions) ചിന്തകളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ രാത്രിയില്‍ ബഹളങ്ങളോ മറ്റ് തിരക്കുകളോ ഇല്ലാതാകുമ്പോള്‍, ആ ചിന്തകള്‍ വീണ്ടും വരികയും കൂടുതല്‍ തീവ്രമായി അനുഭവപ്പെടുകയും ചെയ്യുന്നു.
ഉത്കണ്ഠ എങ്ങനെ കുറയ്ക്കാം?
* രാത്രിയിലെ ഉത്കണ്ഠയെ നേരിടാനുള്ള യഥാര്‍ത്ഥ വഴി മനസ്സും ശരീരവും സാവധാനത്തിലാക്കുക (slowing down) എന്നതാണ്
* ഉറങ്ങുന്നതിന് മുന്‍പ് സ്‌ക്രീനുകള്‍ (ഫോണ്‍, ടിവി) മാറ്റിവെക്കുക.
* ഡയറി എഴുതുക (Journaling), പുസ്തകം വായിക്കുക, അല്ലെങ്കില്‍ ശരീരം സ്‌ട്രെച്ച് (stretch) ചെയ്യുക.
* മനസ്സിന് കുളിര്‍മ നല്‍കുന്ന സംഗീതം കേള്‍ക്കുക.
ഇത്തരം ശീലങ്ങള്‍ മനസ്സിന്റെ വേഗത കുറയ്ക്കാനും നാഡീവ്യൂഹത്തെ റിലാക്‌സ് ചെയ്യിക്കാനും ഒന്നിച്ച് സഹായിക്കും.






