
വേനല്‍ക്കാലത്ത് നിങ്ങള്‍ക്കും അടിക്കടി തലവേദന വരാറുണ്ടോ? മാനസിക സമ്മര്‍ദ്ദം, അമിതമായ സ്‌ക്രീന്‍ സമയം (screentime) അല്ലെങ്കില്‍ ഉറക്കക്കുറവ് എന്നിവയാണ് ഇതിന് കാരണം എന്ന് തോന്നാമെങ്കിലും, ഈ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. പലപ്പോഴും ഇതിനുള്ള കാരണം നിങ്ങള്‍ വിചാരിക്കുന്നതിലും വളരെ ലളിതമായിരിക്കാം, ചൂടുള്ള കാലാവസ്ഥയില്‍ ഇത് കൂടുതല്‍ വഷളാകുകയും ചെയ്യും. വേനല്‍ക്കാലത്ത് മൈഗ്രേന്‍ വരുന്നത് വളരെ സാധാരണമായതിനാല്‍, പലര്‍ക്കും ഇത് മൈഗ്രേന്‍ ആണോ എന്ന് സംശയമുണ്ടാകാം. ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നും ഇത് എങ്ങനെ തിരിച്ചറിയാമെന്നും നമുക്ക് നോക്കാം.
വേനല്‍ക്കാലത്തെ തലവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് നിര്‍ജ്ജലീകരണമാണ്. തണുത്ത പാനീയങ്ങളും ഐസ് ഇട്ട ഡ്രിങ്കുകളും കുടിക്കുന്നത് കൊണ്ട് ശരീരം ആവശ്യത്തിന് ഹൈഡ്രേറ്റഡ് ആണെന്ന് നിങ്ങള്‍ കരുതിയേക്കാം, എങ്കിലും നിങ്ങള്‍ക്ക് തലവേദന ഉണ്ടായേക്കാം. യഥാര്‍ത്ഥത്തില്‍, ഇത്തരം പാനീയങ്ങള്‍ സാധാരണ വെള്ളം പോലെ ഫലപ്രദമായി ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യില്ല.
നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?
നിര്‍ജ്ജലീകരണം എന്നത് വെറുമൊരു ദാഹമായി തോന്നാമെങ്കിലും, കഠിനമായ ചൂടില്‍, വിയര്‍പ്പിലൂടെ ശരീരത്തിന് തുടര്‍ച്ചയായി വെള്ളം നഷ്ടപ്പെടുന്നു. ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങള്‍ യഥാസമയം തിരികെ ലഭിക്കാതെ വരുമ്പോള്‍, കാര്യങ്ങള്‍ താളംതെറ്റാന്‍ തുടങ്ങുന്നു. രക്തചംക്രമണത്തെ ഇത് ബാധിക്കുന്നു, ഇലക്ട്രോലൈറ്റ് അളവില്‍ വ്യത്യാസങ്ങള്‍ വരുന്നു. നേരിയ ദാഹമായി ആരംഭിക്കുന്നത് പിന്നീട് ശരീരത്തിന് താങ്ങാന്‍ കഴിയാത്ത അവസ്ഥയായി വേഗത്തില്‍ മാറുന്നു. ഇത് ചിലപ്പോള്‍ തലവേദനയ്ക്ക് കാരണമാകും. ഇതിനകം മൈഗ്രേന്‍ ഉള്ളവരില്‍, നിര്‍ജ്ജലീകരണം ഒരു ശക്തമായ ട്രിഗര്‍ (trigger) ആയി പ്രവര്‍ത്തിക്കുകയും വേനല്‍ക്കാലത്ത് മൈഗ്രേന്‍ വരുന്നത് കൂടാന്‍ ഇടയാക്കുകയും ചെയ്യും.
നിര്‍ജ്ജലീകരണം എപ്പോഴൊക്കെ സംഭവിക്കാം?
കൂടുതല്‍ സമയം വെളിയില്‍ ചിലവഴിക്കുമ്പോള്‍ മാത്രമേ നിര്‍ജ്ജലീകരണം ഉണ്ടാകൂ എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. ചൂടില്‍ യാത്ര ചെയ്യുമ്പോഴും, വ്യായാമം ചെയ്യുമ്പോഴും, കൂടുതല്‍ സമയം എയര്‍കണ്ടീഷണര്‍ (AC) മുറിയില്‍ ഇരിക്കുമ്പോഴും, സാധാരണ വെള്ളം കുടിക്കുന്നത് ഒഴിവാക്കുമ്പോഴും, സോഡയും മറ്റ് മധുരമുള്ള പാനീയങ്ങളും അമിതമായി ആശ്രയിക്കുമ്പോഴും നിര്‍ജ്ജലീകരണം ഉണ്ടാകാം.
നിര്‍ജ്ജലീകരണം മൂലമുള്ള തലവേദന എങ്ങനെ തിരിച്ചറിയാം?
നിര്‍ജ്ജലീകരണം മൂലമുള്ള തലവേദന നെറ്റിയുടെ ഭാഗത്തോ തലയുടെ ഇരുവശങ്ങളിലോ ഒരു ഭാരം പോലെയാണ് ആരംഭിക്കുന്നത്. ചിലര്‍ക്ക് ഇത് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നേരിയ ഭാരമായി അനുഭവപ്പെടാം, എന്നാല്‍ മറ്റുള്ളവരില്‍ ഇത് ക്രമേണ കഠിനമായ തുടിപ്പുള്ള വേദനയായി (throbbing pain) മാറുകയും അടിസ്ഥാന ജോലികള്‍ പോലും ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യും. ഇതിനു വിപരീതമായി, മൈഗ്രേന്‍ കൂടുതല്‍ തീവ്രമായിരിക്കും; അതിനോടൊപ്പം ഓക്കാനം, തലകറക്കം, മങ്ങിയ കാഴ്ച, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അസ്വസ്ഥത (sensitivity) തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകും.
നിങ്ങളുടെ ശരീരം നിര്‍ജ്ജലീകരണത്തിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍
* വായ വരണ്ടുപോകുക
* ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച
* മൂത്രത്തിന്റെ നിറം ഇരുണ്ടിരിക്കുക
* പേശി വലിവ് (Muscle cramps)
* തലകറക്കം പോലെ തോന്നുക
* ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
* അകാരണമായ ദേഷ്യം അല്ലെങ്കില്‍ അസ്വസ്ഥത
ശരീരത്തില്‍ ജലാംശം എങ്ങനെ നിലനിര്‍ത്താം?
ഹൈഡ്രേഷന് ഏറ്റവും മികച്ച ഉറവിടം സാധാരണ വെള്ളം തന്നെയാണ്. അതുകൂടാതെ തണ്ണിമത്തന്‍ പോലുള്ള പുതിയ പഴങ്ങള്‍, തണുത്ത കരിക്കിന്‍ വെള്ളം, വീട്ടില്‍ ഉണ്ടാക്കിയ നാരങ്ങാവെള്ളം അല്ലെങ്കില്‍ വെള്ളരിക്ക ചേര്‍ത്ത വെള്ളം (cucumber-infused drink) എന്നിവയും കുടിക്കാം. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ (ചായ, കാപ്പി), മദ്യം, അല്ലെങ്കില്‍ മധുരമുള്ള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, കാരണം ഇവ നിര്‍ജ്ജലീകരണം കൂടുതല്‍ വഷളാക്കിയേക്കാം.






