
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയായ എ. പത്മകുമാറിനെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കാന്‍ സി.പി.ഐ.എം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈ മാസം 15-ന് അടിയന്തരമായി യോഗം ചേരും.
കഴിഞ്ഞ ആഴ്ച പത്മകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പത്മകുമാറിനെതിരെ കര്‍ശന നടപടിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന ശക്തമായ നിലപാട് എടുക്കുകയായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന താല്‍ക്കാലിക നിര്‍ദേശം മാത്രമാണ് പത്മകുമാറിനെതിരെ ഉണ്ടായിരുന്നത്.
ഔദ്യോഗികമായി നടപടി പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ, ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ നീക്കം ചെയ്തത് പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പത്മകുമാറിനെ പൂര്‍ണ്ണമായി തള്ളാനോ സംരക്ഷിക്കാനോ തയ്യാറാകാതിരുന്ന സി.പി.ഐ.എം, ഇനി എന്ത് അച്ചടക്ക നടപടിയാകും സ്വീകരിക്കുക എന്നതില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകം ഏറിയിട്ടുണ്ട്.
ശബരിമല കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ നിര്‍മ്മാണ കേസ് എന്നിവയിലാണ് പത്മകുമാര്‍ പ്രതിയായിരിക്കുന്നത്. അറസ്റ്റിലായി 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചതും പുറത്തിറങ്ങിയതും. സ്വര്‍ണ്ണക്കവര്‍ച്ചാ വിവാദത്തില്‍ പാര്‍ട്ടി നല്കിയ കാരണംകാണിക്കല്‍ നോട്ടീസിന്, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടിയാണ് പത്മകുമാര്‍ നല്‍കിയത്.






