
കോട്ടയം: യുഡിഎഫ് നേതൃത്വം മുന്‍കൈയെടുത്തു നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പാലാ നഗരസഭയിലെ ആഭ്യന്തര കലഹം ഭരണപ്രതിസന്ധിയിലേക്ക് വഴിമാറുന്നു. സ്വതന്ത്ര മുന്നണിയുമായി ചേര്‍ന്ന് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ഇതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും വഴിമുട്ടി.
സംസ്ഥാന യുഡിഎഫ് നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇരുപക്ഷവും പരസ്പരം നിയമനടപടികളിലേക്ക് കടന്നത് നഗരസഭയിലെ ഭരണസ്തംഭനം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇതിന്റെ ആദ്യസൂചനയെന്നോണം, നഗരസഭാ അധ്യക്ഷ ഉള്‍പ്പെടെയുള്ള സ്വതന്ത്ര കൂട്ടായ്മയിലെ കൗണ്‍സിലര്‍മാര്‍ യുഡിഎഫിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും നേരത്തെത്തന്നെ പുറത്തുപോയിരുന്നു.
യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടത്താതെ, ഒരു വിഭാഗം ഏകപക്ഷീയമായാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രധാന പരാതി. നഗരസഭയുടെ ഭരണം കുടുംബസ്വത്താക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കുന്നു.
നഗരസഭയിലെ ഒരു ഓട്ടോറിക്ഷാ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തര്‍ക്കങ്ങളാണ് ഒടുവില്‍ യുഡിഎഫിനെ പിളര്‍പ്പിലേക്ക് നയിച്ച വലിയ പ്രതിസന്ധിയായി മാറിയത്. നിലവില്‍ പാലാ നഗരസഭയില്‍ വ്യക്തമായ രണ്ട് ചേരികള്‍ രൂപപ്പെട്ടിട്ടുണ്ട്. നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ഒന്നിച്ച് നില്ക്കുന്ന സ്വതന്ത്ര കൂട്ടായ്മയും കേരള കോണ്‍ഗ്രസ് വിഭാഗവും.
നിലവിലെ വൈസ് ചെയര്‍പേഴ്സണായ മായാ രാഹുല്‍ പദവി ഒളിയുന്ന സാഹചര്യത്തില്‍, ബിനു പുളിക്കകണ്ടം അടുത്ത വൈസ് ചെയര്‍മാനാകാനാണ് സാധ്യത. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ നഗരസഭയിലുണ്ടായ ഭിന്നത യുഡിഎഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.






