
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്ത്. ഇറാന്റെ മേൽ നടത്താനിരുന്ന വ്യോമാക്രമണങ്ങൾ റദ്ദാക്കിയതായും ഈ വാരാന്ത്യത്തോടെ കരാർ ഒപ്പുവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെയാണ്, കരാറിന് ഇതുവരെ അന്തിമരൂപമായിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ചാണ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ 'വലിയൊരു ധാരണയിൽ' എത്തിയതായി പ്രഖ്യാപിച്ചത്. യൂറോപ്പിൽ വെച്ച് ഈ വാരാന്ത്യത്തോടെ കരാർ ഒപ്പുവെച്ചേക്കുമെന്നും, ഇതോടെ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി തുറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന യുഎസ് വ്യോമാക്രമണങ്ങൾ റദ്ദാക്കിയതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
കരാറിന്റെ പ്രാഥമിക രൂപരേഖയ്ക്ക് പോലും ഇറാൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി വ്യക്തമാക്കി. അമേരിക്കയുടെ നിലപാടുകളിലെ മാറ്റങ്ങളാണ് അന്തിമ തീരുമാനത്തിലെത്തുന്നതിന് തടസ്സമെന്നും എന്നാൽ കരാർ പുനപ്പരിശോധിക്കാൻ സാധ്യതയുണ്ടെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. തങ്ങളുടെ തീരുമാനങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് പൊട്ടിപ്പുറപ്പെട്ട യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാനുമുള്ള ചർച്ചകൾ ഖത്തറിന്റെ മധ്യസ്ഥതയിൽ സജീവമായി നടക്കുകയാണ്. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്കുമാണ് നിലവിൽ ശ്രമം നടക്കുന്നത്. എന്നാൽ, ഇറാൻ ഔദ്യോഗികമായി ഇതിൽ ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്.






