
ഹൈദരാബാദ്: രാജ്യത്ത് നീറ്റ് യുജി പുനഃപരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മിയാപൂരില്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന ഷെയ്ഖ് സനയാണ് മരിച്ചത്. സഹോദരിമാര്‍ക്കൊപ്പം താമസിച്ച് പഠിച്ചുവരികയായിരുന്നു സന. പരീക്ഷാദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. സനയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
പഠനഭാരവും മുന്‍വര്‍ഷങ്ങളിലെ പരാജയത്തെക്കുറിച്ചുള്ള ഭയവുമാകാം സനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് മാത്രമാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് പരീക്ഷാ സമ്മര്‍ദ്ദം മൂലമുള്ള വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കഴിഞ്ഞ 37 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പതിനാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്.
രാജ്യത്തുടനീളമായി 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2.00 മുതല്‍ വൈകിട്ട് 5.15 വരെയാണ് നടക്കുന്നത്. ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് 15 മിനിറ്റ് അധികസമയം അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വൈകിട്ട് 6.20 വരെ പരീക്ഷ എഴുതാം. പരീക്ഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന വ്യാജ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും തികച്ചും ശാന്തരായി വന്ന് പരീക്ഷയെഴുതണമെന്നും ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.






