
കൊച്ചി: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് വിവരം. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന പരാതികളില്‍ കുറ്റപത്രത്തിലേക്ക് കടക്കുന്ന ആദ്യ കേസുകളില്‍ ഒന്നാണിത്.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ യുവനടിയുടെ കാരവനില്‍ അനുമതിയില്ലാതെ പ്രവേശിച്ച ഇയാള്‍, നടിയെ കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. താന്‍ ശക്തമായി എതിര്‍ത്തപ്പോഴാണ് രഞ്ജിത്ത് പിന്‍വാങ്ങിയതെന്ന് നടി ഡിജിപിക്കും കൊച്ചി സെന്‍ട്രല്‍ പോലീസിനും നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തന്നെ സംഭവം നടന്നതിനാല്‍ സിനിമയിലെ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ രഞ്ജിത്തിനെ കഴിഞ്ഞ മാര്‍ച്ച് 31-നാണ് തൊടുപുഴയ്ക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് റിമാന്‍ഡിലായ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കേസുകൂടാതെ, ഒരു ബംഗാളി നടി നല്‍കിയ പരാതിയിലും, മറ്റൊരാളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ സമാനമായ രീതിയില്‍ മറ്റ് രണ്ട് കേസുകള്‍ കൂടി നിലവിലുണ്ട്.






