
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നെയ്യാറ്റിന്‍കര അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളടക്കം കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നതോടെ വെളിപ്പെട്ടതു ശബരിമല സ്വര്‍ണക്കൊള്ളയെ വെല്ലുന്ന തട്ടിപ്പ്. നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ ഒരു വനിതാ സബ്ഗ്രൂപ്പ് ഓഫീസര്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലാണ്.
തിരുനല്ലൂര്ശാല, ചെഴുങ്ങാനൂര്‍, വീരണകാവ്, ഒറ്റശേഖരമംഗലം എന്നീ സബ്ഗ്രൂപ്പുകളില്‍ ജോലിചെയ്തിട്ടുള്ള ഇവര്‍ ചുമതല വഹിച്ച ദേവസ്വങ്ങളില്നിന്നു പ്രധാനപ്പെട്ട പല രേഖകളും കാണാതായിരുന്നു. വീരണകാവിലെ വെള്ളിത്താമരയടക്കം വിലപിടിപ്പുള്ള പല വസ്തുക്കളും കാണാതായിട്ടുണ്ട്.
കാണാതായ രേഖകളില്‍ ചിലത് തിരിച്ചെത്തിക്കാനും ശ്രമമുണ്ട്. ക്ഷേത്രങ്ങളിലെ വഴിപാട് കണക്കുമായി ബന്ധപെട്ട സുപ്രധാനരേഖകളാണ് 6, 7, 9 ബുക്കുകള്‍. നെയ്യാറ്റിന്‍കര ഗ്രൂപ്പിനു കീഴിലെ ഇരുപതിലേറെ ക്ഷേത്രങ്ങളിലാണ് സ്വര്‍ണം, വെള്ളി കവര്‍ച്ച നടന്നത്. പല ക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ സൂക്ഷിക്കുന്നതു പാറശ്ശാല മഹാദേവക്ഷേത്രത്തിലാണ്. ഇവിടുത്തെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണു ഗുരുതരതട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞമാസം 23-ന് റിപ്പോര്‍ട്ട് കൈമാറി.
വീരണാങ്കാവ് ക്ഷേത്രത്തിലെ വെള്ളിത്താമര, പെരുംകുളത്തൂര്‍ ദേവസ്വത്തിലെ വെള്ളിത്തട്ടം, മാങ്കരമുട്ടം ദേവസ്വത്തിലെ വെള്ളിയാഭരണങ്ങള്‍, തൃക്കണ്ണ്, അരങ്ങല്‍, ചന്ദ്രക്കല എന്നിവയും നഷ്ടമായി. അരവല്ലൂര്‍ നെയ്യാറ്റിന്‍കര, കാളേശ്വരം, ചെഴുങ്ങാന്നൂര്‍, പാറശ്ശാല, മുര്യങ്കര തുടങ്ങി ഇരുപതിലേറെ ക്ഷേത്രങ്ങളിലെ അമൂല്യവസ്തുക്കളാണ് കാണാതായത്.






