
ലണ്ടൻ: ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ന്യൂസീലൻഡ് ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ കെയ്ൻ വില്യംസൺ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് 35-കാരനായ വില്യംസണിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റാകും തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വില്യംസണ് വ്യക്തമാക്കി.
വില്യംസണിന്റെ ക്യാപ്റ്റൻസിയും ശാന്തമായ നേതൃത്വ ശൈലിയും ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. ബ്ലാക്ക് കാപ്സിനെ രണ്ട് ഐസിസി ലോകകപ്പ് ഫൈനലുകളിലേക്കും മൂന്ന് സെമി ഫൈനലുകളിലേക്കും എത്തിച്ചു. 2021-ൽ ഇന്ത്യയ്ക്കെതിരായ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് വിജയം വില്യംസണിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. 2010-ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് വില്യംസണ് ന്യൂസിലന്‍ഡിനായി അരങ്ങേറിയത്. 2016 മുതൽ 2024 വരെ അദ്ദേഹം ന്യൂസീലൻഡ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 16 വർഷം നീണ്ട കരിയറിൽ 110 ടെസ്റ്റുകളില്‍ നിന്ന് 9515 റണ്‍സ് നേടിയ വില്യംസണ് 175 ഏകദിനങ്ങളില്‍ നിന്ന് 7257 റണ്‍സും 90 ടി20 മത്സരങ്ങളില്‍ നിന്ന് 2575 റണ്‍സും നേടി. ടെസ്റ്റില്‍ 33 സെഞ്ചുറികളും ഏകദിനത്തില്‍ 15 സെഞ്ചുറികളും സ്വന്തമാക്കിയ വില്യംസണ് ആകെ 378 മത്സരങ്ങളില്‍ നിന്ന് 19,346 റണ്‍സ് നേടി ന്യൂസിലൻഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റണ്‍സ് സ്കോറർ എന്ന നേട്ടവുമായാണ് പാഡഴിക്കുന്നത്.
ആധുനിക ക്രിക്കറ്റിലെ വിഖ്യാതരായ വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരുൾപ്പെടുന്ന 'ഫാബ് ഫോറി'ൽ നിന്നുള്ള ആദ്യത്തെ വിരമിക്കലാണ് വില്യംസണിന്റേത്. കോലി ഇതിനോടകം രാജ്യാന്തര ട്വന്റി20യിൽ നിന്നു ടെസ്റ്റിൽ നിന്നും വിരമിച്ചിട്ടുണ്ടെങ്കിലും, ഈ ഗ്രൂപ്പിൽ നിന്ന് എല്ലാ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ നിന്നും പൂർണ്ണമായി പിന്മാറുന്ന ആദ്യത്തെയാൾ വില്യംസൺ ആണ്. 'വലിയ കഴിവുകളുള്ള ധാരാളം കളിക്കാർ ഇവിടെയുണ്ട്, ഈ ന്യൂസീലൻഡ് ടീമിനൊപ്പം എന്തെങ്കിലും നേടാനാവുമെന്ന വലിയ ആഗ്രഹവുമുണ്ട്. ഇത് ഞാൻ സ്നേഹിക്കുന്ന ഒരു ടീമാണ്, ഇത്രയും കാലം ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനായി കരുതുന്നു'– വില്യംസൺ കൂട്ടിച്ചേർത്തു.






