
കന്‍സാസ് സിറ്റി: അര്‍ജന്റീനയും സൂപ്പര്‍ താരം ലയണല്‍ മെസിയും മിന്നിക്കുമെന്ന ഫുട്‌ബോള്‍ ആരാധകരുടെ വിശ്വാസം തെറ്റിയില്ല. കന്‍സാസ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ കുടിയായ അര്‍ജന്റീന അള്‍ജീരിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കു തോല്‍പ്പിച്ചു. മൂന്ന് ഗോളുകളും മെസിയുടെ വകയാണെന്നത് എതിരാളികള്‍ക്കു മുന്നറിയിപ്പുമായി. ജെ ഗ്രൂപ്പ് മത്സരത്തിലെ 17, 60, 76 മിനിറ്റുകളിലായിരുന്നു ഹാട്രിക്ക്. താരത്തിന്റെ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്. അതു കൂടാതെ മെസി ഒന്നിലധികം റെക്കോഡുകള്‍ സ്വന്തമാക്കി.
കളത്തിലിറങ്ങിയതോടെ ആറ് ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ താരമെന്ന ഖ്യാതി ഒപ്പംകുടി. 2006 ലോകകപ്പ് മുതല്‍ സൂപ്പര്‍ താരം അര്‍ജന്റീനയുടെ ഭാഗമാണ്. ഇതുവരെ ദേശീയ ടീമിനായി 200 മത്സരങ്ങളും കളിച്ചു. ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഇനി മെസിയുടെ പേരിലാണ്. 38 വയസും 357 ദിവസം പ്രായമുള്ളപ്പോഴാണു ഹാട്രിക്ക് പിറന്നത്. പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയാണു മെസി മറികടന്നത്‌്. 2018 ലോകകപ്പില്‍ സ്‌പെയിനിനെതിരേയായിരുന്നു ക്രിസ്‌റ്റ്യാനോയുടെ ഹാട്രിക്ക്. 33 വയസും 130 ദിവസമായിരുന്നു താരത്തിന്റെ പ്രായം. ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ അര്‍ജന്റീന താരമാണ് മെസി. ഗബ്രിയേല്‍ ബാറ്റിസ്‌റ്റ്യൂട്ടയാണ് ഒന്നാമന്‍. ലോകകപ്പില്‍ ഏറ്റവും കുടുതല്‍ ഗോളുകളെന്ന റെക്കോഡില്‍ ഒന്നാമനായ ജര്‍മനിയുടെ മുന്‍ താരം മിറോസ്ലാവ് കേ്ലാസിന് ഒപ്പമെത്താന്‍ മെസിക്കായി. ഇരുവരും 16 ഗോളുകള്‍ വീതമടിച്ചു. ബ്രസീലിന്റെ മുന്‍ താരം റൊണാള്‍ഡോയെയാണു (15) അര്‍ജന്റീന താരം മറികടന്നത്. നിലവിലെ താരങ്ങളില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്‌ക്കാണ് (14) ടോപ് സ്‌കോററാകാന്‍ സാധ്യത. ലോകകപ്പിലെ ഗോള്‍ പങ്കാളിത്തത്തില്‍ ഇതിഹാസ താരം ബ്രസീലിന്റെ പെലെയെ മറികടക്കാന്‍ മെസിക്കായി. പെലെയുടെ പേരില്‍ 22 ഗോള്‍ പങ്കാളിത്തമുണ്ട്‌്.
ലോകകപ്പില്‍ 11 വ്യത്യസ്‌ത ടീമുകള്‍ക്കെതിരേ ഗോളടിക്കുന്ന ഏക താരവും മെസിയാണ്‌്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് സെനഗലിനെ 3-1 നും നോര്‍വേ ഇറാഖിനെ 4-1 നും തോല്‍പ്പിച്ചു. ഐ ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകളും ബ്രാഡ്‌ലി ബാര്‍കോള ഒരു ഗോളുമടിച്ചു. ഇബ്രാഹിം എംബായെയാണു സെനഗലിനായി ഗോളടിച്ചത്. ഇറാഖിനെതിരേ നോര്‍വേയ്‌ക്കായി ഏര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളടിച്ചു. ലിയോ സ്‌റ്റിഗാഡും ഒരു ഗോളടിച്ചു. ഇറാഖിന്റെ അയ്‌മന്‍ ഹുസൈന്‍ ഗോളും സെല്‍ഫ് ഗോളുമടിച്ച അപൂര്‍വതയുമുണ്ടായി.






