
ഡാള്ളസ്: ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് തോമസ് ടുഹലിന്റെ ഇംഗ്ലണ്ട് വിജയകരമായ തുടക്കം കുറിച്ചു. ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ മാർക്കസ് റാഷ്ഫോർഡും ജൂഡ് ബെല്ലിംഗാമും ഇംഗ്ലണ്ടിനായി സ്കോർ ചെയ്തു.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ച് നോനി മഡുവെക്കെയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ ശ്രമം ക്രൊയേഷ്യൻ ഗോളി തടഞ്ഞെങ്കിലും ലൈൻ വിട്ട് മുന്നോട്ട് വന്നതിനാൽ പെനാൽറ്റി വീണ്ടും എടുക്കാൻ റഫറി ആവശ്യപ്പെടുകയായിരുന്നു. 36-ാം മിനിറ്റിൽ മാർട്ടിൻ ബതുരീനയിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. എന്നാൽ ഒന്നാം പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ഡെക്ലാൻ റൈസിന്റെ കോർണറിൽ നിന്നും ഹാരി കെയ്ൻ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് സമ്മാനിച്ചു. ഈ ഗോളോടെ 10 ലോകകപ്പ് ഗോളുകളെന്ന ഗാരി ലിനേക്കറുടെ റെക്കോർഡിനൊപ്പം കെയ്ൻ എത്തി. ഇംഗ്ലണ്ടിനായുള്ള അദ്ദേഹത്തിന്റെ 81-ാം ഗോൾ കൂടിയായിരുന്നു ഇത്.
ഇഞ്ചുറി ടൈമിൽ പീറ്റർ മൂസയിലൂടെ ക്രൊയേഷ്യ വീണ്ടും സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ആധിപത്യം ഉറപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ ജൂഡ് ബെല്ലിംഗാം തകർപ്പൻ ഫിനിഷിംഗിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. കളി തീരാൻ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ മാർക്കസ് റാഷ്ഫോർഡ് ശാന്തമായി ഗോൾ നേടി ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു. അടുത്ത മത്സരത്തിൽ ബോസ്റ്റണിൽ വെച്ച് ഇംഗ്ലണ്ട് ഘാനയെ നേരിടും.






