
മോഹന്‍ലാല്‍ എന്ന നടനവിസ്മയം തന്റെ അഭിനയമികവിലൂടെയും കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശത്തിലൂടെയും എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ സ്വന്തം ലാലേട്ടന്റെ മകന് പ്രണവ് സിനിമയിലേക്ക് എത്തിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചെയ്ത സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റില്‍ പെടുത്തി പ്രണവ് സിനിമാപ്രേക്ഷകരുടെ ഹൃദയം നേടിയെടുത്തു. അതിനു പിന്നാലെ മോഹന്‍ലാലിന്റെ മകള്‍ വിസ്മമയയും ബിഗ്സ്ക്രീനില്‍ തുടക്കം കുറിക്കാനൊരുങ്ങുകയാണ്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. വിസ്മയയുടെ അഭിനയമികവിനെക്കുറിച്ചും സെറ്റിലെ പെരുമാറ്റത്തെക്കുറിച്ചും പല സഹതാരങ്ങളും പ്രശംസിച്ച് സംസാരിക്കുന്നുണ്ട്.
ഇപ്പോഴിതാ ആദ്യ സിനിമയാണെങ്കിലും വിസ്മയ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പറയുകയാണ് സഹതാരമായ ജിബിൻ ഗോപിനാഥ്. വിസ്മയ നല്ലൊരു പെര്‍ഫോമറാണെന്നും അരങ്ങേറ്റ സിനിമയാണെങ്കിലും മികച്ചതായിട്ടാണ് വിസ്മയ ചെയ്തതെന്നുമാണ് ജിബിന്‍ പറയുന്നത്.
‘‘ആദ്യം ദുൽഖറിനൊപ്പം ചെയ്തു, പിന്നീട് പ്രണവ് വന്നു. ദേ ഇപ്പോൾ വിസ്മയ ആദ്യമായിട്ട് അഭിനയിക്കാൻ പോകുന്നു. അവര്‍ക്കൊപ്പം അടുപ്പിച്ച് അടുപ്പിച്ച് വലിയ വേഷങ്ങള്‍ ചെയ്യാനാകുക എന്നത് വലിയ കാര്യമാണ്. നല്ല രസമുള്ള പടമാണ്. നല്ല നന്നായിട്ട് വന്നിട്ടുണ്ടെന്നാണ്, എനിക്ക് നല്ലൊരു ക്യാരക്റ്ററുണ്ട്. വിസ്മയയെക്കുറിച്ച് പറയാനാണെങ്കില്‍ നല്ലൊരു പെർഫോമറാണ്. ഞാൻ പറഞ്ഞില്ലേ ഈ പറഞ്ഞ വിസ്മയ എവിടെന്നാണ് വരണതെന്ന് അറിയാമല്ലോ അപ്പോൾ പിന്നെ നമ്മൾ ചോദിക്കേണ്ട കാര്യമില്ലല്ലോ. ഭയങ്കര ക്യൂട്ടാണ്, വളരെ കാം ആണ്.
പ്രണവിന്റെ വേറൊരു വേർഷനാണ് മായ. ഭയങ്കര രസമാണ്. എപ്പോഴും ചേട്ടാ ചേട്ടാ എന്ന് വിളിച്ച് വരും. കൊച്ചുകുട്ടികളുടെ ഒരു അങ്ങനെ ഒരു ഒരാളാണ്. മായയിലൂടെയാണ് കഥ പോകുന്നത്. ആദ്യമാണെങ്കിലും മായ മികച്ചതായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.
ആന്റണി ചേട്ടന്റെ മകന് ആശിഷാണ് അതില്‍ വേറൊരു കഥാപാത്രത്തെ ചെയ്യുന്നത്. ഇവരൊക്കെ ജനിച്ചത് മുതല്‍ സിനിമയാണ് കാണുന്നത്. സിനിമയ്ക്ക് അകത്താണ് അവര്‍ ജീവിക്കുന്നതും. എന്താണ് സിനിമ എന്ന് അവര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞ് കൊടുക്കേണ്ടതില്ല. സിനിമാക്കാരുടെ മക്കളായത് കൊണ്ട് വരേണ്ടവരല്ലെന്ന് ഇവരെന്ന് കണ്ടപ്പോള്‍ മനസിലായി. അവര്‍ക്ക് അധികമായിട്ടൊന്നും പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. അവരുടെ മാതാപിതാക്കള്‍ സിനിമയില്‍ അല്ലായിരുന്നുവെങ്കിലും നേരിട്ട് സിനിമയിലേക്ക് വരാന്‍ ടാലന്റ് ഉള്ളവരാണ്. ആന്റണി ചേട്ടന്റെ മകന്റെയും ഉഗ്രന്‍ വേഷമാണ്. ഗംഭീരമായി ചെയ്തിട്ടുണ്ട്.
സേഫ് സോണില്‍ നിന്നും വേറിട്ടൊരു പ്രണവ് ആയിരുന്നു ഡീയസ് ഈറേയില്‍ ഉണ്ടായിരുന്നത്. സിനിമയ്ക്ക് വാഗ്ദാനങ്ങളായിട്ടുള്ളവര് തന്നെയാണ് അവര്‍. എല്ലാം നന്നായിട്ട് വരുമെന്നാണ് എന്റെ പ്രതീക്ഷ.
പിന്നെ എനിക്ക് ‘തുടക്കം’ സെറ്റിലെ ഏറ്റവും സന്തോഷമുണ്ടായ ഒരു സംഭവം എന്ന് പറഞ്ഞാൽ ഞാൻ ലാല്‍ സാറിനെ മീറ്റ് ചെയ്തതാണ്. ലാൽ സാര്‍ ഈയടുത്താണ് ഡീയസ് ഈറേ കണ്ടത്. അദ്ദേഹം സെറ്റിലുണ്ടായിരുന്നു ഒരു ദിവസം ഞാൻ അവിടെ ചെല്ലുമ്പോൾ ജൂഡ് സാറും മായയും ലാല്‍ സാറും കൂടിയവിടെ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് നില്‍ക്കുകയാണ്. ഞാന്‍ ഇപ്പുറത്ത് മാറി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് എന്നെ കണ്ട് അടുത്തേക്ക് വിളിച്ച്, ‘ആ മോനെ മോനെ വാ, ഞാൻ സിനിമ കണ്ടിരുന്നു കേട്ടോ നന്നായിട്ടുണ്ട്, നന്നായിട്ട് ചെയ്തു. കൊള്ളാം നല്ല പരിപാടികൾ വരട്ടെ...’ എന്നൊക്കെ പറഞ്ഞ് സിനിമയെക്കുറിച്ച് നല്ല കമന്റ് പറഞ്ഞു.
അപ്പോൾ ഞാൻ ആലോചിച്ചത്, മമ്മൂട്ടി സാർ അന്ന് അവിടെ വെച്ച് സ്റ്റേജിൽ വച്ച് അഭിനന്ദിച്ചതിനെക്കുറിച്ചും ഇപ്പൊ ലാൽ സാര്‍ നല്ല അഭിപ്രായം പറഞ്ഞതിനെക്കുറിച്ചുമാണ്. മലയാളത്തിന്റെ ലെജൻഡ്സാണ് ഇവര്‍. നമുക്കങ്ങനെ പ്രത്യേകിച്ച് ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന ആളുകളല്ല രണ്ടുപേരും. രണ്ടുപേരും ആ ഒരു സിനിമ കണ്ടിട്ട് നമ്മുടെ പെർഫോമൻസിനെപ്പറ്റിയും ആ സിനിമയെപ്പറ്റിയും നല്ലത് പറയുമ്പോൾ കിട്ടുന്ന ഒരു ഒരു ഒരു കോൺഫിഡൻസ് ഉണ്ടല്ലോ. അവരാണല്ലോ നമ്മളെപ്പറ്റി പറഞ്ഞത്, അപ്പോൾ അത് നമ്മൾ കീപ്പ് ചെയ്യണമല്ലോ. ഇതേ റൂട്ടിൽ നമ്മൾ ഇനിയും നല്ല നല്ല പരിപാടികളുടെ ഭാഗമായിട്ട് നിൽക്കണമല്ലോ എന്ന ചിന്ത വരും. ആ ഓർമ്മപ്പെടുത്തലാണ് ഇവര്‍ തരാറുള്ളത്. ബേസിക്കലി ഒരു ആക്ടര്‍ എന്ന നിലയില്‍ മാര്ഗദര്ശികളാണിവര്. ഇവര്‍ മമ്മൂട്ടിയും മോഹന്‍ലാലുമായി പ്രേക്ഷകമനസ്സില്‍ നിലനില്‍ക്കുന്നത് എന്താണെന്നു വച്ചാല്‍ അവര്‍ വന്ന വഴികള്‍, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകള്‍, സിനിമയോട് അവര്‍ കാണിച്ച സമര്‍പ്പണം ഒക്കെയാണ്. അത് എല്ലാവരും മാതൃകയാക്കേണ്ട കാര്യമാണ്. നമ്മുടെ മാക്സിമം അത് പിടിക്കാന്‍ ശ്രമിക്കുകയാണ്....’’ ജിബിന്‍ ഗോപിനാഥ് പറഞ്ഞു.
ജൂനിയർ ആർട്ടിസ്റ്റായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ജിബിൻ ഗോപിനാഥ്. പിന്നീട് മുൻനിര താരങ്ങൾക്കൊപ്പം സഹതാരമായി എത്തിയ ജിബിൻ മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്തു. നിലവിൽ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് ജിബിൻ അഭിനയിക്കുന്നത്. മോഹൻലാലിന്റെ മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുടക്കം. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആണ് തുടക്കത്തിൽ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.






