
ലോകമെമ്പാടും കാല്‍പ്പന്തുകളിയുടെ ആവേശത്തിമിര്‍പ്പിലാണ്. ഫിഫ വേള്‍ഡ് കപ്പില്‍ തങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള പ്രിയ ടീമുകള്‍ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കുന്നത് കാണാന്‍ കണ്ണും കാതും കൂര്‍പ്പിച്ച് മനസ്സില്‍ നിറയെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. സോഷ്യല്‍ മീഡിയയിലും തങ്ങളുടെ പ്രിയ ടീമിനെക്കുറിച്ച് വാചാലമായി കുറിച്ചും അവരുടെ ജേഴ്സിയണിഞ്ഞും റീലുകള്‍ പങ്കിട്ടും ആശംസകൾ അറിയിച്ചും പല സെലിബ്രിറ്റികളും ഫുട്ബോള്‍ ആവേശം കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ അഭിനേത്രിയും ബിഗ് ബോസ് മലയാളം സീസൺ 4 ടൈറ്റിൽ വിന്നറായ ദിൽഷ പ്രസന്നന്റെ പുതിയ റീല്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. ബ്രസീൽ ജേഴ്സി ധരിച്ച് ടർഫിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോയാണ് ദില്‍ഷ പങ്കിട്ടിരിക്കുന്നത്. ‘‘ഫുട്ബോൾ ജ്വരം വീണ്ടുമെത്തി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദില്‍ഷ വീഡിയോ പങ്കിട്ടിരിക്കുന്നത്. കിക്കുകളും ജംപുകളും മറ്റുമായി ദില്‍ഷ ഫുട്ബോള്‍ ആവേശം തന്റെ റീലുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.
റീല്‍സ് പങ്കിട്ട് നിമിഷനേരം കൊണ്ട് തരംഗമായി മാറിയെങ്കിലും നിരവധി ട്രോളുകളും വരുന്നുണ്ട്. റീലിന് ഉപയോഗിച്ച പാട്ട് പോർച്ചുഗൽ താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ളതും ഹാഷ്ടാഗ് അർജന്റീനയും മെസിയുമാണെന്നുള്ളതാണ് പലരും കുറിക്കുന്നത്. ‘ബ്രസീൽ ജയിക്കണം. അർജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?’, ദിൽഷേ...ബ്രാതുഗൽന്റിന ഫാൻ ആണോ, ആരൊക്കെ ഏതൊക്കെ ടീമിൽ കളിക്കുന്നെന്ന് പോയിട്ട് ഈ നടക്കുന്നത് വേൾഡ് കപ്പ് ആണോ എന്നറിയില്ല...’ എന്നതടക്കമാണ് കമന്റുകള്‍.
അതേസമയം, ദില്‍ഷ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. ‘സുഹൃത്തുക്കളേ, ഇത് 3 ടീമുകളുടെയും കൊളാബുറേഷൻ ആണ്...’ എന്നാണ് ദില്‍ഷ കുറിച്ചത്. ‘ചേച്ചി ശരിക്കും ഏതാ ടീം ? പോർച്ചുഗൽ ആണോ അതോ ബ്രസീൽ ആണോ. പോർച്ചുഗൽ സോങ്ങും ബ്രസീൽ ജേഴ്സിയും’ എന്നാണ് ഒരാള്‍ ചോദിച്ചത്, ‘ഞാൻ രണ്ടും അല്ല. ഞാൻ അർജന്റീന ആണ്...’ എന്നായിരുന്നു ദിൽഷയുടെ മറുപടി. എന്തായാലും ദിൽഷയുടെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.






