
മുംബൈ: വിദേശത്തുനിന്ന് കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 2025-ലെ മിസിസ് കേരള മത്സരത്തിലെ മത്സരാര്‍ഥിയായിരുന്ന ഹര്‍ഷ സണ്ണി (28) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
യുവതിയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥര്‍, 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത 11 കിലോയിലധികം തൂക്കം വരുന്ന കഞ്ചാവിന് രാജ്യാന്തര വിപണിയില്‍ 11.82 കോടി രൂപ വിലമതിക്കും. ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.






