
ന്യൂജഴ്‌സി: ലോകകപ്പില്‍ വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നില്‍ മൊറാക്കോയോട് സമനില വഴങ്ങി ബ്രസീല്‍. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. മൊറാക്കോയ്ക്കായി ഇസ്മായീല്‍ സൈബാരിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറും സ്‌കോര്‍ ചെയ്തു. ബ്രസീല്‍ ഒട്ടേറെ ചാന്‍സുകള്‍ നെയ്‌തെടുത്തെങ്കിലും മൊറാക്കോ പ്രതിരോധം ഉറച്ചു നിന്നു. ഇതോടെ തോല്‍വി അറിയാതെ മൊറാക്കോ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
കളിയില്‍ ആദ്യം ഗോള്‍ നേടിയത് മൊറാക്കോയായിരുന്നു. 21 ാം മിനിറ്റില്‍ മൊറാക്കോ കളിയിലെ ആദ്യഗോള്‍ കുറിച്ചു. റയല്‍മാഡ്രിഡ്് താരം ബ്രാഹീം ഡയസ് ബ്രസീല്‍ പ്രതിരോധത്തിന്റെ മധ്യത്തിലൂടെ കൃത്യമായ അളവില്‍ നല്‍കിയ തകര്‍പ്പന്‍ ത്രൂ പാസാണ് ഗോള്‍ കൊണ്ടുവന്നത്. രണ്ട് ബ്രസീലിയന്‍ സെന്റര്‍-ബാക്കുകള്‍ക്കിടയിലൂടെ എത്തിയ പന്ത് ലക്ഷ്യമാക്കി ഓടിയ ഇസ്മായീല്‍ സൈബാരി, ഗോള്‍ പോസ്റ്റ് വിട്ട് മുന്നോട്ട് കയറി നിന്ന അലിസണെ കബളിപ്പിച്ചുകൊണ്ട് പന്ത് മനോഹരമായി ചിപ്പ് ചെയ്ത് വലയിലാക്കി.
എന്നാല്‍ ഈ ലീഡിന് ആയുസ് കുറവായിരുന്നു. കളിയുടെ 31 ാം മിനിറ്റില്‍ ബ്രസീല്‍ അതിശക്തമായി തിരിച്ചടിച്ചു. ബ്രൂണോ ഗ്വിമാറസുമായി വണ്‍ ഓണ്‍ വണ്‍ കളിച്ചുകയറിയ വിനീഷ്യസ് ജൂനിയറിന്റെ ഒരു അതിവേഗ മുന്നേറ്റം ഗോളായി മാറുകയായിരുന്നു. ബോക്‌സിലേക്ക് കടന്നുകയറിയ വിനീഷ്യസിന്റെ ഒരു അതിവേഗ നീക്കത്തില്‍ മൊറാക്കോ പ്രതിരോധം വീണുപോകുകയും പെട്ടെന്ന് തൊടുത്ത അടിയില്‍ മൊറാക്കോയന്‍ വല തുളയ്ക്കുകയുമായിരുന്നു. 45 ാം മിനിറ്റില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടു ശ്രമങ്ങള്‍ ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്.
പക്വറ്റോയുടെ അസാധാരണമായ ഒരു ശ്രമം കീപ്പര്‍ രക്ഷപ്പെടുത്തിയപ്പോള്‍ ഗോള്‍വലയ്ക്ക് തൊട്ടുമുന്നില്‍ നിന്നുകൊണ്ട് മാര്‍ക്വീനോസ് ഹെഡ്ഡറിലൂടെ നല്‍കിയ ഒരു പന്തില്‍ തിയാഗോയ്ക്ക് കോണ്ടാക്ട് കൊടുക്കാനുമായില്ല. രണ്ടാം പകുതിയില്‍ ഇരുടീമും ആക്രമണം കടുപ്പിച്ചെങ്കിലും പ്രതിരോധം മറികടക്കാനായില്ല. ഇരു ടീമുകളും ഒട്ടേ്‌റെ തവണയാണ് ഗോളിനടുത്തെത്തിയത്.






