
തിരുവനന്തപുരം: നിപ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അന്നത്തെ പ്രതിപക്ഷത്തെ പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കില്ല. പ്രതിരോധത്തിന് പ്രതിപക്ഷത്തിന്റെ എല്ലാ സഹകരണവും ഉണ്ടാകും ഒറ്റക്കെട്ടായാണ് നിപയെ പ്രതിരോധിക്കേണ്ടത്.
കഴിഞ്ഞ ഭരണകാലത്ത് ആരോഗ്യമന്ത്രി ബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എന്നാൽ, ഇപ്പോൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള ആശയക്കുഴപ്പം വലിയ പ്രശ്നമാണ്. ആരോഗ്യന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഈ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടടെ മാറ്റിയത് ഉചിതമായില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സിസ്റ്റത്തോടുള്ള നിസ്സഹകരണമാണ് ഇതിനു കാരണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. നിയമ വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ക്ക് കൂട്ട് നിന്നില്ല എന്നുള്ളതാണ് ആരോഗ്യ മന്ത്രി തെറ്റായി കാണുന്നത്. സുതാര്യമായ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം ലക്ഷങ്ങള്‍ തസ്തികള്‍ക്ക് മറിയുന്ന സ്ഥിതി തിരികെ കൊണ്ട് വരാനാണ് നീക്കമെന്ന് തങ്ങള്‍ സംശയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
വന്യജീവി ആക്രമണത്തിലും പിണറായി വിജയൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ സാധാരണ സംഭവമാണെന്നായിരുന്നു സ്ഥലം എംഎൽഎ പറഞ്ഞത്. എൽഡിഎഫ് ഭരണകാലത്ത് വന്യജീവി ആക്രമണമുണ്ടായപ്പോൾ ആനകൾ നാട്ടിലിറങ്ങാതിരിക്കാൻ കാട്ടിൽ ഭക്ഷണവും വെള്ളവും ഒരുക്കണമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞത്.
1972-ലെ ഇന്ദിരാഗാന്ധി സർക്കാരിന്റെ വന്യജീവി സംരക്ഷണ നിയമമാണ് കേരളത്തിന് ഈ ദുരവസ്ഥയുണ്ടാക്കിയത്. ഇതിനെതിരെ എൽഡിഎഫ് സർക്കാർ നടത്തിയ പോരാട്ടം ഏറ്റെടുത്ത് മുന്നോട്ടുപോകാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും പിണറായി വിജയൻ മാധ്യമ സമ്മേളനത്തിൽ ചോദിച്ചു.






