
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് ഓഹരി വിപണിയിൽ ചരിത്രപരമായ അരങ്ങേറ്റം കുറിച്ചതോടെ, കമ്പനിയിലെ ഒരു മുൻ ജീവനക്കാരൻ കോടീശ്വരനായി മാറി. സ്പേസ് എക്സിൽ വെൽഡറായി ജോലി ചെയ്തിരുന്ന ജുവാൻ ഹെർണാണ്ടസ് എന്ന തൊഴിലാളിക്കാണ് ജോലിയിലൂടെ ലഭിച്ച ഓഹരി നിക്ഷേപത്തിലൂടെ ഈ അപ്രതീക്ഷിത ഭാഗ്യം കൈവന്നത്.
2015-ലാണ് ഹെർണാണ്ടസ് സ്പേസ് എക്സിൽ ഒരു സാധാരണ വെൽഡറായി ജോലിയിൽ പ്രവേശിക്കുന്നത്. ജോലിക്ക് ചേരുന്ന സമയത്ത് കമ്പനി അദ്ദേഹത്തിന് ഏതാണ്ട് 10,000 ഡോളർ (ഏകദേശം 8.6 ലക്ഷം രൂപ) മൂല്യമുള്ള ഓഹരികൾ ബോണസായി നൽകിയിരുന്നു. മുൻപ് ജോലി ചെയ്ത ഒരിടത്തുനിന്നും ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാതിരുന്നതിനാൽ അന്ന് ഹെർണാണ്ടസ് ഇതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല.
അടുത്തിടെ നടന്ന സ്പേസ് എക്സിന്റെ റെക്കോർഡ് ഐപിഒയ്ക്ക് പിന്നാലെ ഓഹരി വില കുതിച്ചുയർന്നു. ഒരു ഓഹരിയുടെ വില 160.95 ഡോളർ (ഏകദേശം 15,308 രൂപ) വരെയായി. നിലവിൽ ഹെർണാണ്ടസിന്റെ കൈവശം 6,500 സ്പേസ് എക്സ് ഓഹരികളുണ്ട്. ഇതിന്റ് വിപണി മൂല്യം 10 കോടി രൂപയ്ക്ക് മുകളിലാണ്.
മസ്കിന്റെ കമ്പനിയിൽ ഏകദേശം 10 വർഷത്തോളം ജോലി ചെയ്ത ഹെർണാണ്ടസ്, വിക്ഷേപണ തറകളുടെ നിർമ്മാണത്തിലാണ് പങ്കാളിയായത്. പിന്നീട് അദ്ദേഹം സൂപ്പർവൈസർ പദവിയിലേക്കും ഉയർന്നു. നിലവിൽ മസ്കിന്റെ എതിരാളികളായ 'ബ്ലൂ ഒറിജിൻ' കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. എന്തായാലും കോടിക്കണക്കിന് രൂപയുടെ അധിപനായിട്ടും തൊഴിൽ ഉപേക്ഷിച്ച് ഉഴപ്പാൻ ഹെർണാണ്ടസിനെ കിട്ടില്ല. ജോലി നിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.






