വാന്‍കൂവര്‍: ഫുട്ബോള്‍ ലോകകപ്പ് ഡി ഗ്രൂപ്പ് മത്സരത്തില്‍ തുര്‍ക്കിയെ 2-0 ത്തിനു തോല്‍പ്പിച്ചതോടെ ഓസ്ട്രേലിയയുടെ യുവ താരം നസ്റ്റോറി ഇറാങ്കുണ്ട ശ്രദ്ധ നേടി. 27-ാം മിനിറ്റില്‍ ഗോളടിച്ചതോടെ ലോകം ഏറ്റവും കൂടുതല്‍ തെരഞ്ഞ പേരുകളിലൊന്നായി. 20 വയസുകാരനായ നസ്റ്റോറിയുടെ ബുറുണ്ടിക്കാരായ മാതാപിതാക്കള്‍ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ഥി ക്യാമ്പിലായി.
2006 ല്‍ ടാന്‍സാനിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ചാണു നസ്റ്റോറി ഇറാങ്കുണ്ട ജനിച്ചത്. നസ്റ്റോറി ഇറാങ്കുണ്ട കുട്ടിയായിരിക്കേ അവര്‍ ഓസ്ട്രേലിയയിലേക്കു കുടിയേറി. എ ലീഗില്‍ അഡ്ലെയ്ഡ് യുണൈറ്റഡിലൂടെ കളിച്ചു വളര്‍ന്നു. അഡ്ലെയ്ഡ് യുണൈറ്റഡിനായി 16 ഗോളുകളും എട്ട് അസിസ്റ്റുകളും കുറിച്ചതോടെ 2024 ല്‍ ജര്‍മന്‍ വമ്പന്‍ ബയേണ്‍ മ്യൂണിക്കില്‍നിന്നു വിളിയെത്തി. ഹാരി കെയ്ന്‍ അടക്കമുള്ള വമ്പന്‍ താരങ്ങളുടെ ഉപദേശം കരുത്തുറ്റ താരത്തെ വളര്‍ത്തി. ബുണ്ടസ് ലിഗയില്‍ കളിക്കാനായില്ലെങ്കിലും പരിശീലനം ഗുണമായി. ഓസ്ട്രേലിയന്‍ ദേശീയ ടീമിലേക്കുള്ള ക്ഷണം. 2024 ജൂണില്‍ ബംഗ്ലാദേശിനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അരങ്ങേറി. പലസ്തീനെതിരേ നടന്ന മത്സരത്തില്‍ ഗോളടിച്ചു.
ഓസീസിനായി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമനായി. കഴിഞ്ഞ സീസണില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്രാസ്ഹോപ്പറിനായി വായ്പാ അടിസ്ഥാനത്തില്‍ കളിച്ചു. വൈകാതെ ബുണ്ടസ് ലിഗ വിട്ട് വാട്ട്ഫോഡിലേക്കു പോകാന്‍ തീരുമാനിച്ചു. ട്രാന്‍സ്ഫര്‍ തുക വെളിപ്പെടുത്തിയിട്ടില്ല.
സഹ താരം മുഹമ്മദ് ടൂറെ ''ഹൂഡിനി'' എന്നാണ് നസ്റ്റോറിയെ വിശേഷിപ്പിച്ചത്്. ജൂഡ് ബെല്ലിങാം ഇംഗ്ലണ്ടിനായി ചെയ്യുന്നത് നസ്റ്റോറിക്ക് ഓസീസിനായി ചെയ്യാനാകുമെന്നാണ് ടുറെയുടെ പക്ഷം. ബിസി പ്ലേസ് വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ നസ്റ്റോറിയുടെ ഗോള്‍ കണ്ണഞ്ചിപ്പിച്ചു. ഒരു പ്രത്യാക്രമണത്തില്‍ നിന്നാണു ഗോളിന്റെ പിറവി. ഗോള്‍ കീപ്പര്‍ പാട്രിക് ബീച്ച് ഓകോണ്‍ എങ്സ്റ്റലര്‍ക്ക് എറിഞ്ഞു നല്കി. എങ്സ്റ്റലര്‍ ബോക്സിന് മുന്നിലേക്ക് നീട്ടിനല്‍കിയ പന്ത് നെസ്റ്റോറി കാല്ക്കീഴിലാക്കി.
പ്രതിരോധവും ഗോള്‍ കീപ്പര്‍ സാകിറും അപകടം മണത്തപ്പോഴേക്കും പന്ത് വലയില്‍. ഓസീസിനായി ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 75-ാം മിനിറ്റിലാണ് ജയമുറപ്പിച്ച ഗോളെത്തിയത്.
ബോക്സിനു പുറത്തു നിന്നുള്ള മെറ്റ്കാഫിന്റെ ഇടംകാലനടി തുര്‍ക്കിക്കോട്ട പൊളിച്ചു. ഗോള്‍ കീപ്പര്‍ പാട്രിക് ബീച്ച് എട്ട് സേവുകളുമായി നിറഞ്ഞുനിന്നു. കളി തുടങ്ങിയതു തന്നെ അര്‍ദ ഗുലര്‍ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി പാട്രിക് ബീച്ച് കിടിലനായി സേവ് ചെയ്യുന്നതിലൂടെയാണ്്. മത്സരത്തിലാകെ എട്ട് സേവുകളാണു ബീച്ച് കുറിച്ചത്. ലോകകപ്പില്‍ ഒരു ഓസ്ട്രേലിയന്‍ ഗോള്‍ കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.






