
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി'ക്ക് ഇന്ന് തുടക്കമാകും. രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
ഒന്‍പത് മണിയോടെ മുഴുവന്‍ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. എന്നാല്‍, നടത്തിപ്പിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതോടെ പദ്ധതിയെച്ചൊല്ലിയുള്ള വാക്‌പോരും മുറുകി.
സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുമാണ് പദ്ധതിയിലൂടെ സൗജന്യ യാത്ര അനുവദിക്കുന്നത്. യാത്രയ്ക്കായി പ്രത്യേക തിരിച്ചറിയല്‍ രേഖകളോ മുന്‍കൂര്‍ രജിസ്‌ട്രേഷനോ ആവശ്യമില്ല. ബസില്‍ കയറുമ്പോള്‍ കണ്ടക്ടര്‍ നല്‍കുന്ന 'പ്രിയദര്‍ശിനി' ടിക്കറ്റ് കൈപ്പറ്റിയാല്‍ മാത്രം മതിയാകും.
കെ.എസ്.ആര്‍.ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യം ലഭ്യമാവുന്ന ബസിന്റെ മുന്നിലും വാതിലുകള്‍ക്കും സമീപവും 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണമെന്നും ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി നിര്‍ദേശം നല്‍കി.
പദ്ധതി നടപ്പാക്കുന്നതിലൂടെ കോര്‍പറേഷനുണ്ടാകുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ നേരിട്ട് വഹിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സാധാരണക്കാരായ വനിതകള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് ലഭിക്കാന്‍ പോകുന്നത്. ദിവസേന ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് മാസം 1000 രൂപയിലേറെ യാത്രാക്കൂലി ഇനത്തില്‍ ലാഭിക്കാന്‍ കഴിയും.
അതിനിടെ, പ്രതിപക്ഷ എം.എല്‍.എമാര്‍ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണ തീരുമാനത്തെ 'വിനാശകാലേ വിപരീതബുദ്ധി' എന്നായിരുന്നു ഗതാഗതമന്ത്രി സി.പി. ജോണ്‍ വിശേഷിപ്പിച്ചത്.






