
ഫിലാഡല്‍ഫിയ: ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ അമദ് ഡിയാലോ സൂപ്പര്‍സബ്ബായി മാറിയ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീം ഇക്വഡോറിനെ പരാജയപ്പെടുത്തി ഐവറികോസ്റ്റ്. 2026 ലോകകപ്പിലെ തങ്ങളുടെ ഗ്രൂപ്പ് ഇ ഉദ്ഘാടന മത്സരത്തില്‍ പോയിന്റ് വീതം വെയ്ക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് അമദ് ഡിയാലോ കളി മാറ്റിയെഴുതിയത്.
ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും കൃത്യമായ ഫിനിഷിംഗിന്റെ കുറവുണ്ടായിരുന്നു. എങ്കിലും ജോണ്‍ യെബോവ, അലന് മിന്‍ഡ, എലിയെ വാഹി എന്നിവരുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി തെറിച്ചതോടെ ഇരുപക്ഷത്തിനും ഗോള്‍ ഭാഗ്യം അകന്നുനിന്നു. എന്നാല്‍ 90-ാം മിനിറ്റില്‍ വില്‍ഫ്രഡ് സിംഗോ നല്കിയ പാസ്, ഒട്ടും സമയം കളയാതെ അമദ് മനോഹരമായി ഇക്വഡോര്‍ വലയിലെത്തിച്ചു. ഇതോടെ തുടര്‍ച്ചയായ 20 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ശേഷമുള്ള ഇക്വഡോറിന്റെ ആദ്യ തോല്‍വിയായി ഇത് മാറി.
മത്സരത്തിന്റെ തുടക്കത്തില്‍ 'ലാ ട്രി' (ഇക്വഡോര്‍) മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഐവറി കോസ്റ്റായിരുന്നു. ബാസൂമന തുറെയുടെ ബോക്സിന് കുറുകെയുള്ള ഒരു ലോംഗ് ഷോട്ട് ഇക്വഡോര്‍ ഗോളി ഹെര്‍നാന്‍ ഗാലിന്‍ഡെസ് ഡൈവ് ചെയ്ത് തട്ടിയകറ്റി. തൊട്ടുപിന്നാലെ വാഹി ഉതിര്‍ത്ത ദുര്‍ബലമായ ഒരു ഷോട്ടും ഗാലിന്‍ഡെസ് എളുപ്പത്തില്‍ കൈപ്പിടിയിലൊതുക്കി.
എങ്കിലും കളി തുടങ്ങി ഏഴ് മിനിറ്റിനിടെ രണ്ടുതവണയാണ് ഐവറി കോസ്റ്റിനെ ഗോള്‍പോസ്റ്റ് രക്ഷിച്ചത്. യെബോവയുടെ ഇടംകാലന്‍ ഷോട്ടും പിന്നീട് മിന്‍ഡയുടെ ഫസ്റ്റ് ടൈം ഷോട്ടും പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. 35-ാം മിനിറ്റില്‍ നിക്കോളാസ് പെപ്പെയുടെ ഒരു മുന്നേറ്റം അലന് ഫ്രാങ്കോ മികച്ചൊരു സ്ലൈഡിംഗിലൂടെ തടഞ്ഞു. രണ്ടാം പകുതി ആരംഭിച്ച് ഏഴ് മിനിറ്റായപ്പോള്‍ യാന്‍ ഡിയോമാന്‍ഡെയുടെ ക്രോസില്‍ നിന്ന് വാഹി തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിയതോടെ ഐവറി കോസ്റ്റിനും ലീഡ് നേടാനായില്ല.
രണ്ടാം പകുതിയുടെ പകുതിയോളം പിന്നിട്ട ശേഷമാണ് ഇക്വഡോറിന് ലക്ഷ്യത്തിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞത്. ഗോണ്‍സാലോ പ്ലാറ്റ 20 വാര അകലെ നിന്ന് തൊടുത്ത ശക്തമായ ഷോട്ട് ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാന തട്ടിയകറ്റി. മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തിലാണ് നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ സിംഗോ ഇക്വഡോര്‍ ബോക്സിലേക്ക് പന്തുമായി മുന്നേറിയത്. തുടര്‍ന്ന് സിംഗോ നല്കിയ പാസിനെ അമദ് പോസ്റ്റിന്റെ വിദൂര കോണിലേക്ക് കൃത്യതയോടെ വഴിതിരിച്ചുവിട്ടു.






