
വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നിലനിന്നിരുന്ന യുദ്ധത്തിന് അറുതിവരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും സമാധാനകരാറിലേക്ക്. ലെബനന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക നടപടികള്‍ക്ക് വേഗത്തിലും ശാശ്വതമായും അറുതിവരുത്തുന്നതാണ് നടപടി. ജൂണ്‍ 19-ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങ് നടക്കുമെന്നും, അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ 60 ദിവസത്തെ കാലയളവിനുള്ളില്‍ നടക്കുമെന്നും ഇറാന്‍ അറിയിച്ചു.
ചര്‍ച്ചകളില്‍ പങ്കെടുത്ത കക്ഷികള്‍ നല്‍കുന്ന വിവരമനുസരിച്ച്, ആഗോള ഊര്‍ജ്ജ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കരാര്‍ ഗുണകരമാകും. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഈ കരാര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് കപ്പല്‍ ഗതാഗതം പൂര്‍ണ്ണതോതില്‍ തിരിച്ചെത്തുന്നതിന് മുന്‍പ് മൈനുകള്‍ നീക്കം ചെയ്യല്‍, അടിസ്ഥാന സൗകര്യങ്ങള്‍ നന്നാക്കല്‍, സുരക്ഷ ഉറപ്പാക്കല്‍ എന്നിവയ്ക്ക് സമയമെടുക്കുമെന്നതിനാല്‍ ഹോര്‍മുസ് പാത ഇപ്പോള്‍ത്തന്നെ പൂര്‍ണ്ണമായി തുറന്നേക്കില്ല.
യുദ്ധത്തിന് മുന്‍പ്, ആഗോളതലത്തിലുള്ള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും 20 ശതമാനവും കൈകാര്യം ചെയ്തിരുന്നത് ഹോര്‍മുസ് പാതയിലൂടെയായിരുന്നു. അതേസമയം ഈ ധാരണാപത്രം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം നിര്‍മാര്‍ജനം ചെയ്യുന്നതിനെക്കുറിച്ചും അടുത്ത രണ്ട് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള ഒരു അവസരമൊരുക്കുന്നുണ്ട്. ഉപരോധങ്ങള്‍ നീക്കുന്നതിനെക്കുറിച്ചും മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും വാഷിംഗ്ടണ്‍ ചര്‍ച്ച ചെയ്യും. ഇത് ടെഹ്റാന്റെ ഭാഗത്തുനിന്നുള്ള അനുസരണവുമായി ബന്ധപ്പെടുത്തിയായിരിക്കും നടപ്പിലാക്കുക.
ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങ് ജൂണ്‍ 19-ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുമെന്നും 60 ദിവസത്തെ കാലയളവിനുള്ളില്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശത്രുത അവസാനിപ്പിക്കുക, ഉപരോധം നീക്കുക, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുക എന്നിവ ഉള്‍പ്പെടെയുള്ള കരാറിലെ വാഗ്ദാനങ്ങള്‍ യുഎസ് നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ കരാറിനായുള്ള 60 ദിവസത്തെ ചര്‍ച്ചകള്‍ നടക്കുക.
ധാരണാപത്രത്തിന്റെ കരടില്‍ ഇറാന്‍ തങ്ങളുടെ എല്ലാ 'പ്രധാന നിലപാടുകളും' ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കരാര്‍ ഒപ്പിട്ട ശേഷം ഇതിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിക്കുമെന്നും ഇറാന്‍ നേതാവ് ഗരീബാബാദി പറഞ്ഞു.
യുഎസ് തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലെയും ശത്രുത ഉടനടി നിര്‍ത്തലാക്കലും ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേലുള്ള യുഎസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കലും കരാറില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു.
ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് യുഎസ് ഇറാന്റെ മരവിപ്പിച്ച 12 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുകൊടുക്കുമെന്ന് ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള 14 പോയിന്റുകളുള്ള 'ധാരണാപത്രം' ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലെയും യുദ്ധം ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കുക. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന യുഎസിന്റെ പ്രതിജ്ഞാബദ്ധതയും ഇറാന്റെ പരമാധികാരത്തോടുള്ള ബഹുമാനവും.
30 ദിവസത്തിനുള്ളില്‍ ഇറാനിയന്‍ തുറമുഖങ്ങളിലെ യുഎസ് നാവിക ഉപരോധം പൂര്‍ണ്ണമായും നീക്കുക. ഇറാന്റെ മേല്‍നോട്ടത്തില്‍ 30 ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക. ഇറാന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാനുള്ള യുഎസിന്റെ പ്രതിജ്ഞാബദ്ധത.
എണ്ണ, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്പനയ്ക്കുള്ള ഉപരോധങ്ങള്‍ നീക്കുക, ഇറാന് തങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കുക. യുഎസും അതിന്റെ സഖ്യകക്ഷികളും ചേര്‍ന്ന് കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ അവതരിപ്പിക്കുക. ആണവ പ്രശ്‌നത്തില്‍ അന്തിമ കരാറിലെത്തുന്നതിനും യുഎസ് ഉപരോധങ്ങള്‍, ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍, ഐഎഇഎ പ്രമേയങ്ങള്‍ എന്നിവ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനും 60 ദിവസത്തെ ചര്‍ച്ചാ കാലാവധി.
ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഇറാന്റെ എന്‍പിടി കരാറിലെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുക. ചര്‍ച്ചാ കാലയളവില്‍ മേഖലയില്‍ പുതിയ സൈന്യത്തെ വിന്യസിക്കില്ലെന്നും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും യുഎസ് ഉറപ്പുനല്‍കുക. 60 ദിവസത്തെ അന്തിമ ചര്‍ച്ചാ കാലയളവില്‍ ഇറാന്റെ തടഞ്ഞുവെച്ച 24 ബില്യണ്‍ ഡോളര്‍ ഫണ്ട് വിട്ടുകൊടുക്കുക. കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഒരു സംവിധാനം രൂപീകരിക്കുക. അന്തിമ കരാര്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ അംഗീകരിക്കുക. ഇറാന്റെ തടഞ്ഞുവെച്ച ഫണ്ടിന്റെ പകുതി വിട്ടുകൊടുക്കുകയും, എണ്ണ ഉപരോധം നീക്കുകയും, നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്ത ശേഷമേ അന്തിമ ചര്‍ച്ചകള്‍ ആരംഭിക്കൂ.
കരാര്‍ പ്രഖ്യാപനത്തെ അന്താരാഷ്ട്ര സമൂഹം വലിയ ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് സ്വീകരിച്ചത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം പരിഹരിക്കുന്നതിനുള്ള 'നിര്‍ണായക ചുവടുവെപ്പ്' എന്നാണ് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഇതിനെ വിശേഷിപ്പിച്ചത്. ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കാന്‍ തയ്യാറാണെന്ന് യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച വിപണി തുറന്നപ്പോഴും ഈ പ്രഖ്യാപനം ആശ്വാസമേകി. ടോക്കിയോയില്‍ എണ്ണവില നാല് ശതമാനത്തിലധികം ഇടിഞ്ഞു, ജപ്പാന്റെ നിക്കി ഓഹരി സൂചിക മൂന്ന് ശതമാനം ഉയര്‍ന്നു.






