
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് നടത്തിയ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി സംഘം ഇന്ന് ശബരിമലയില്‍ എത്തിയത്.
പ്രഭാമണ്ഡലം, കട്ടിളപ്പാളി എന്നിവയാണ് പ്രധാനമായും സംഘം പരിശോധിച്ചത്. ശാസ്ത്രീയ പരിശോധനകള്‍ക്കായി ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില്‍ നിന്നടക്കം പ്രധാനപ്പെട്ട സാമ്പിളുകള്‍ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. ഇവ വിദഗ്ധ ലാബുകളിലേക്ക് അയക്കും. പരിശോധനകള്‍ക്കായി ഇളക്കിമാറ്റിയ സ്വര്‍ണ്ണപ്പാളികള്‍ കൃത്യമായി തിരികെ സ്ഥാപിച്ച ശേഷമായിരിക്കും എസ്ഐടി സംഘം പൂര്‍ണ്ണമായി മടങ്ങുക. മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. ഇതിനിടയിലാണ് കോടതി അനുമതിയോടെയുള്ള ഈ നിര്‍ണായക പരിശോധന.
കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ സ്വര്‍ണ്ണപ്പാളികള്‍ 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' എന്ന സ്ഥാപനത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. 2025-ല്‍ നടന്ന ഇടപാടുകളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എസ്ഐടിയുടെ ഈ നീക്കം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ്. പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗം അജികുമാര്‍ എന്നിവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. സുതാര്യതക്കുറവിനെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.






