
ന്യൂഡൽഹി: യൂറോപ്യൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലവും സാംസ്കാരിക സമ്പന്നവുമായ വരവേൽപ്പ്. സ്ലൊവാക്യയിലെ ഒരു നാടോടി കലാസംഘം ആലപിച്ച 'വന്ദേമാതരം' ഗാനവും, ആതിഥ്യമര്യാദയുടെ പ്രതീകമായ പരമ്പരാഗത 'അപ്പവും ഉപ്പും' നൽകിയുള്ള സ്വീകരണവും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങളായി. സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
സ്ലൊവാക്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത സംഗീതവും നൃത്ത പ്രകടനങ്ങളുമാണ് പ്രധാനമന്ത്രിക്കായി അവിടെയൊരുക്കിയത്. ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ (ട്വിറ്റർ) കുറിച്ചതിങ്ങനെ; "നമ്മൾ വന്ദേമാതരത്തിന്റെ 150-ആം വാർഷികം ആഘോഷിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലും സ്വാതന്ത്ര്യ സമരത്തിലും അതിനുള്ള മഹത്തായ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്യുന്ന ഈ വേളയിലാണ് ഇത്തരമൊരു അവതരണം നടന്നിരിക്കുന്നത്." സ്ലൊവാക്യയിലെ പ്രശസ്തമായ കലാസംഘമായ 'ലൂക്നിക്ക എൻസെംബിൾ' ആണ് ചടങ്ങിൽ വന്ദേമാതരം ആലപിച്ചത്.
നൂറ്റാണ്ടുകളായി സ്ലൊവാക്യൻ ജനത പിന്തുടരുന്ന ആതിഥ്യമര്യാദയുടെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകമായ അപ്പവും ഉപ്പും നൽകിയുള്ള സ്വീകരണമായിരുന്നു സ്വീകരണച്ചടങ്ങിലെ മറ്റൊരു സവിശേഷത. സ്ലൊവാക്യയുടെ സൗഹൃദത്തിന്റെയും മൂല്യങ്ങളുടെയും മനോഹരമായ പ്രതിഫലനമാണ് ഈ സ്വീകരണമെന്ന് മോദി വ്യക്തമാക്കി. സ്ലൊവാക്യൻ സംസ്കാരത്തിൽ അപ്പം സമൃദ്ധിയെയും ജീവനോപാധിയെയും സൂചിപ്പിക്കുമ്പോൾ, ഉപ്പ് മൂല്യത്തെയും സംരക്ഷണത്തെയും ദൃഢമായ സൗഹൃദത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
ഇതിനുപുറമെ, 'കൊപ്പാനിചിയാരിക്' സംഘത്തിന്റെ നാടോടി നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ഇത്തരം നാടോടി പാരമ്പര്യങ്ങൾ ഒരു നാടിന്റെ സംസ്കാരവും ചരിത്രവും സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






