
ന്യൂയോര്‍ക്ക്: ഒടുവില്‍ കാത്തുകാത്തിരുന്ന് ഒരു ഇന്ത്യന്‍ സാന്നിദ്ധ്യം ഇതാദ്യമായി ലോകകപ്പില്‍. ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജനായ താരം കളത്തിലിറങ്ങി. ഇന്നലെ നടന്ന ഗ്രൂപ്പ് ഡി-യിലെ ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ ഓസ്ട്രേലിയ 2-0 ന് തോല്‍പ്പിച്ചപ്പോള്‍ കളത്തില്‍ ഉണ്ടായിരുന്നത് 25 കാരനായ വിംഗര്‍ നിഷാന്‍ വേലുപ്പിള്ളൈ ആയിരുന്നു. അദ്ദേഹം ചരിത്രമെഴുതുകയും ചെയ്തു.
ആംഗ്ലോ-ഇന്ത്യന്‍ വംശജയായ ഗില്ലിയന്‍ വേലുപ്പിള്ളൈയുടെ മകനായ നിഷാന്‍, ഫിഫ ലോകകപ്പില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഫുട്ബോള്‍ താരമായാണ് മാറിയത്. കളിയുടെ 61-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ നിഷാന്‍, ഓസ്ട്രേലിയയുടെ 2-0 എന്ന ലീഡ് നിലനിര്‍ത്താന്‍ പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ശക്തരായ തുര്‍ക്കിയെ അട്ടിമറിച്ചാണ് ഓസ്ട്രേലിയ വിജയം നേടിയത്. 27-ാം മിനിറ്റില്‍ നെസ്റ്റോറി ഇറാന്കുണ്ടയും, 75ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കോണര്‍ മെറ്റ്കാഫും ഓസ്ട്രേലിയയ്ക്കായി ഗോളുകള്‍ നേടി.
മെല്‍ബണ്‍ വിക്ടറി അക്കാദമിയിലൂടെ വളര്‍ന്ന നിഷാന്‍ 2024-ലാണ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ചൈനയ്ക്കെതിരായ തന്റെ ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹം ഗോള്‍ നേടിയിരുന്നു. ഇതുവരെ ഓസ്ട്രേലിയയ്ക്കായി 8 മത്സരങ്ങളില്‍ നിന്ന് 3 ഗോളുകള്‍ നിഷാന്‍ നേടിയിട്ടുണ്ട്. കോച്ച് ടോണി പോപോവിച്ചിന്റെ കീഴിലാണ് താരം ലോകകപ്പ് ടീമില്‍ ഇടംനേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് വലിയൊരു മുന്‍തൂക്കം ലഭിച്ചു.






