
മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യയെന്ന നിലയിലാണ് രേണു സുധിയെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും റീല്‍സ് വീഡിയോകളിലൂടെയും ആല്‍ബങ്ങളിലൂടെയും ബിഗ് ബോസ് മത്സരാര്ത്ഥിയായുമൊക്കെ രേണു പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞു നിന്നു. തന്റെ കരിയറിന്റെ പേരില്‍ ഒരുപാട് സൈബര്‍ അറ്റാക്കുകള്‍ നേരിട്ട ഒരു താരപത്നി കൂടിയാണ് രേണു. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ഇന്റിമേറ്റ് ആല്‍ബം സോംഗുകളുമൊക്കെ താരത്തെ വിവാദങ്ങളില്‍ നിറച്ചു. പക്ഷേ അതിലൊന്നും തളരാതെ കരുത്തോടെ രേണു വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് രേണു സുധി പങ്കിട്ടത്. തനിക്ക് സ്തനാര്‍ബുദമാണെന്നും തേര്‍ഡ് സ്റ്റേജിലാണെന്നും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ക്യാന്‍സര്‍ വേരുകള്‍ പടര്‍ന്നു തുടങ്ങിയെന്നുമാണ് രേണു തുറന്നു പറഞ്ഞത്. അതോടെ രേണുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിറയെ ആശ്വാസവാക്കുകളും പ്രാര്‍ത്ഥനകളും നിറഞ്ഞു. കുറ്റപ്പെടുത്തിയവര്‍ പോലും രേണുവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
ഇപ്പോഴിതാ വിദേശത്ത് പോയി തിരിച്ചു വന്നപ്പോൾ കസ്റ്റംസ് തന്നെ പരിശോധിച്ചെന്ന് പറയുകയാണ് രേണു സുധി. ആദ്യമായിട്ടുള്ളൊരു അനുഭവമായിരുന്നുവെന്നും ശരീരം മുഴുവൻ പരിശോധിച്ചിട്ടും ബാഗ് മുഴുവൻ അരിച്ചു പെറുക്കിയിട്ടും അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും ഇന്ന് ഈ നിമിഷം വരെ ഒരു സോഡാ കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തില്‍ താൻ കൊണ്ടുവന്നിട്ടില്ലെന്നും രേണു പറയുന്നു.
‘‘എനിക്ക് പെട്ടെന്ന് വരണമായിരുന്നു, ട്രീറ്റ്മെന്റ് തുടങ്ങണമല്ലോ. ട്രീറ്റ്മെന്റിനായി ഞാന്‍ പെട്ടെന്ന് ഇങ്ങോട്ട് വന്നതാണ്. എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് എന്റെ പാസ്പോര്‍ട്ട് മേടിച്ചു. എന്റെ പെട്ടി എല്ലാം ചെക്ക് ചെയ്യാന്‍ പോയി. എനിക്ക് ആദ്യമായിട്ടുള്ള അനുഭവമായിരുന്നു അത്. എന്തെങ്കിലും വിവരം കിട്ടാതെ അവര്‍ അത് ചെയ്യില്ലല്ലോ. എന്നെ ദ്രോഹിക്കുന്നത് ആരാണെന്നൊക്കെ എല്ലാവര്ക്കും അറിയാമല്ലോ. ഈയൊരു കാര്യം നിരന്തരം പറഞ്ഞു കഴിഞ്ഞതാണല്ലോ.
ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു തട്ടിപ്പും വെട്ടിപ്പും ചെയ്തിട്ടില്ല. ദുബായിലും ബഹ്റൈനിലും ഒരുപാട് തവണ ഞാന്‍ പോയിട്ടുണ്ട്. ഇന്ന് ഈ നിമിഷം വരെ ഒരു സോഡാ കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തില്‍ രേണു സുധി കൊണ്ടുവന്നിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യത്തില്ല. ചെയ്യുകയും ഇല്ല. ഇത്രയും അസുഖമായിട്ട് ക്ഷീണമായിട്ട് വന്നിട്ടും എന്നെ ചെക്ക് ചെയ്തു. കസ്റ്റംസിന് എനിക്ക് അസുഖമാണെന്ന് അറിയില്ലല്ലോ. അവരുടെ ജോലി അവര്‍ ചെയ്തു. അവരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്റെ ഫുള്‍ബോഡി ചെക്ക് ചെയ്തു. ഒന്നും കിട്ടിയില്ല. ഒന്നല്ല ഒരുപാട് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ബാഗ് എല്ലാം അരിച്ച് പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.
ലാസ്റ്റ് എക്സ്റേ എടുക്കണമെന്ന് പറഞ്ഞു. അപ്പോഴാണ് രോഗവിവരം ഞാന്‍ പറയുന്നത്. എനിക്കത് പറയേണ്ട അവസ്ഥ വന്നു. രണ്ട് രണ്ടര മൂന്ന് മണിക്കൂറെങ്കിലും അവിടെ ഞാന്‍ നിന്നു. രാവിലെ സമയം ആണ്. ഒന്നും കഴിച്ചിട്ടുമില്ല. ആശുപത്രിയിലേക്ക് എനിക്ക് പോകയും വേണം. ഒരാളുടെ ഒരു സാധനം എടുക്കാൻ തന്നെ പേടിയാണ്. അങ്ങനെയുള്ള ഞാൻ ഒരിക്കലും വലിയൊരു കള്ളത്തരം ചെയ്യില്ല. നിരന്തരം എന്നെ വേട്ടയാടുന്നവരുടെ വിചാരം ഞാൻ എന്തോ കള്ളത്തരത്തിന് പോയതാണെന്ന്. ഇപ്പോൾ എല്ലാവർക്കും മനസിലായി. എനിക്കെതിരെ വിവരം കൊടുത്തവർ കള്ള വിവരം കൊടുത്തു. ഉദ്യോഗസ്ഥർ അവരുടെ ജോലി ചെയ്തു...’’ എന്നാണ് രേണു സുധി പറഞ്ഞത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രേണു ഇക്കാര്യം തുറന്നു പറഞ്ഞത്.






