
തിരുവനന്തപുരം: യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി നേതാക്കൾ പങ്കെടുത്ത തിരുവനന്തപുരത്തെ ഉന്നതതല യോഗത്തിൽ നടന്നതെന്ന പേരിൽ പൂർണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില പ്രമുഖ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഇത്തരം സംഘടിതമായ കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്നും വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല', 'എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം' എന്നിങ്ങനെ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് ചെയ്തുവെന്ന രീതിയിൽ ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചതായും എം വി ഗോവിന്ദൻ ആരോപിച്ചു.
സിപിഎമ്മിൽ ആര് നേതാവാകണം, എങ്ങനെ പ്രവർത്തിക്കണം എന്നിവ തീരുമാനിക്കുന്നത് പാർട്ടിയുടെ പരമാധികാര സമിതികളാണെന്നും മാധ്യമങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാരീതിയെന്നും എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.






