ഫിലാഡെല്‍ഫിയ: ഫുട്‌ബോള്‍ ലോകകപ്പില്‍ ഐവറി കോസ്‌റ്റിന് വിജയത്തുടക്കം. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു.
ഫിലാഡല്‍ഫിയ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 90-ാം മിനിറ്റില്‍ ഗോളടിച്ച അമാദ് ദിയാലോയാണ് ഐവറി കോസ്‌റ്റിന്റെ വിജയ ശില്‍പ്പി. 2024 മുതല്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇക്വഡോര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനെത്തിയത്. അവര്‍ എട്ട് ജയവും 11 സമനിലയുമായാണ് അപരാജിതരായത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐവറി കോസ്‌റ്റ് ലോകകപ്പ് കളിക്കുന്നത്. ഇരു ടീമുകളും അക്കൗണ്ട് തുറക്കാന്‍ മികച്ച നീക്കങ്ങള്‍ നടത്തി.
സമനില റപ്പിച്ചിരിക്കേയാണ് ഐവറി കോസ്‌റ്റ് ഗോളടിച്ചത്. 21 ന് ജര്‍മനിക്കെതിരെയാണ് ഐവറി കോസ്‌റ്റിന്റെ അടുത്ത മത്സരം. 2014 ലോകകപ്പിലാണ് ഐവറി കോസ്‌റ്റ് അവസാനം കളിച്ചത്. സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിക്കാന്‍ അവര്‍ക്കായി. തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ അപരാജിതരായ ഫ്രാന്‍സിന് ആഫ്രിക്കന്‍ ടീമിന് മുന്നില്‍ അടിപതറി.






