
കന്‍സാസ് സിറ്റി: ഫുട്ബോള്‍ പ്രേമികള്‍ക്ക് നാളെ പുലര്‍ച്ചെ വരെ കാത്തിരിപ്പിന്റെ സമയം. കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ജെ ഗ്രൂപ്പ് മത്സരമാണു കാത്തിരിപ്പിന് കാരണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയുടെ അള്‍ജീരിയയെ നേരിടും.
സൂപ്പര്‍ താരം ലയണല്‍ മെസി ശാരീരികക്ഷമതയിലുള്ള ആശങ്ക തുടരുകയാണ്. മെസിയെ ഇടത് പിന്തുടയ്ക്കേണ്ട പരുക്ക് അലട്ടുന്നതിനാല്‍ കോച്ച് ലയണല്‍ സ്കലോണി സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിപ്പിക്കുമെന്ന് ഉറപ്പില്ല. മെസി ഒപ്പമുണ്ടാകുമെന്ന് മാത്രം സ്കലോണി ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. സൂപ്പര്‍ താരം താന്‍ പരിശീലിക്കുന്ന സ്റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഓട്ടത്തിലും സ്പോട്ട് കിക്കുകളിലുമാണു മെസി കൂടുതല്‍ ശ്രദ്ധിച്ചത്. ഐസ്ലന്‍ഡിനെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ മെസി പകരക്കാരനായി വന്ന് ഗോളടിച്ചിരുന്നു. ഹോണ്ടുറാസിനെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ താരത്തെ കളിപ്പിച്ചില്ല.
ആഫ്രിക്കയില്‍നിന്നുള്ള അള്‍ജീരിയ അത്ര നിസാരക്കാരല്ല. റിയാദ് മെഹ്റസ്, മുഹമ്മദ് അമൗറ തുടങ്ങിയ എന്തിനും പോന്ന താരങ്ങള്‍ അര്‍ജന്റീന ആരാധകരുടെ ഉറക്കം കെടുത്താന്‍ പറ്റിയവരാണ്. ഇതിഹാസ താരം ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്റെ മകന് ലൂകാ സിദാനാണ് അള്‍ജീരിയയുടെ ഗോള്‍ കീപ്പര്‍. ലൂകയുടെ സേവുകള്‍ യോഗ്യതാ റൗണ്ടില്‍ അള്‍ജീരിയയ്ക്ക് ഏറെ ഗുണമായി.
തിയാഗോ അല്‍മാഡ, ലൗട്ടേറോ മാര്‍ട്ടിനസ് എന്നിവര്‍ക്കൊപ്പം മുന്നേറ്റ നിരയില്‍ മെസി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്നലെ നടന്ന എഫ് ഗ്രൂപ്പ് മത്സരത്തില്‍ സ്വീഡന് 5-1 നു ടുണീഷ്യയെ തോല്‍പ്പിച്ചു. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് ഐവറി കോസ്റ്റിലും ഇ ഗ്രൂപ്പ് മത്സരത്തില്‍ ജയമറിഞ്ഞു.
മെക്സിക്കോയിലെ ഗ്വാഡലൂപയില് നടന്ന മത്സരത്തില്‍ സ്വീഡനു വേണ്ടി യാസിന് അയാരി ഇരട്ട ഗോളടിച്ചു. അലക്സാണ്ടര്‍ ഇസാക്, വിക്ടോര്‍ ഗ്യോകേഴ്സ്, മതിയാസ് സ്വാന്‍ബെര്‍ഗ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ഒമര്‍ റെയ്കിയുടെ വകയായിരുന്നു ടുണീഷ്യയുടെ ഗോള്‍. ഇക്വഡോറിനെതിരേ അമാദ് ഡിയാലോ അവസാന മിനിറ്റില്‍ നേടിയ ഗോളിനാണ് ഐവറി കോസ്റ്റ് ജയിച്ചത്.






