
ഗ്വഡലൂപ (മെക്‌സിക്കോ): ടുണീഷ്യയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കു തകര്‍ത്ത് സ്വീഡന്‍ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരം ഗംഭീരമാക്കി.
മോണ്ടെറി സ്‌റ്റേഡിയത്തില്‍ നടന്ന എഫ് ഗ്രൂപ്പ് മത്സരത്തില്‍ സ്വീഡനായി യാസിന്‍ അയാരി ഇരട്ട ഗോളുകളടിച്ചു. അലക്‌സാണ്ടര്‍ ഇസാക്, വിക്‌ടോര്‍ ഗ്യോകേഴ്‌സ്, മതിയാസ് സ്വാന്‍ബെര്‍ഗ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു.
ഒമര്‍ റെകികിന്റെ വകയായിരുന്നു ടുണീഷ്യയുടെ ഗോള്‍. കളിയുടെ 51 ശതമാനം സമയത്തും പന്ത് കാല്‍ക്കലുണ്ടായിരുന്നെങ്കിലും ഗോളടിക്കുന്നതില്‍ ടുണീഷ്യ പിന്നാക്കം പോയി. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ സ്വീഡന്‍ ആദ്യ ഗോളടിച്ചു.
ടുണീഷ്യന്‍ വംശജനായ മിഡ്‌ഫീല്‍ഡര്‍ യാസിന്‍ അയാരി ഉഗ്രന്‍ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെ പന്ത് വലയിലാക്കി. പന്തില്‍ തൊടാന്‍ പോലും ഗോള്‍ കീപ്പര്‍ മൗഹിബ് ചാംകയ്‌ക്കായില്ല. സ്‌ട്രൈക്കര്‍ വിക്‌ടര്‍ ഗ്യോകോറെസിന്റെ ഷോട്ട് പ്രതിരോധ താരം തടുത്തിട്ടെങ്കിലും റീബൗണ്ട് 20 വാര അകലെയായിരുന്ന അയാരിയുടെ പാകത്തിനായി. ജന്മനാടിനോടുള്ള ആദര സൂചകമായി ലോകകപ്പിലെ കന്നി ഗോളാഘോഷിക്കാന്‍ അയാരി തയാറായില്ല. പിതാവിന്റെ ടുണീഷ്യന്‍ ബന്ധങ്ങള്‍ കാരണമായിരുന്നത്.
30-ാം മിനിറ്റില്‍ സ്വീഡന്‍ ലീഡ് ഇരട്ടിയാക്കി. വിക്‌ടര്‍ ഗ്യോകേഴ്‌സിന്റെ അസിസ്‌റ്റില്‍ നിന്നാണ് ഗോള്‍ വന്നത്. പ്രതിരോധ നിരയെ ഭേദിച്ച് ബോക്‌സിലേക്ക് എത്തിയ പന്ത് അലക്‌സാണ്ടര്‍ ഇസാക് വലയിലാക്കി. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ടുണീഷ്യ ഒരു ഗോള്‍ മടക്കി. ഹാനിബാള്‍ മെജ്‌ബ്രിയുടെ ഫ്രീ കിക്ക് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. കിട്ടിയ അവസരം ഒമര്‍ റെകിക് മുതലാക്കി. ഇത്തവണ ഗോള്‍ കീപ്പര്‍ ക്രിസ്‌റ്റഫര്‍ നോര്‍ദെഫെദ് കാഴ്‌ചക്കാരന്‍ മാത്രമായി.
രണ്ടാം പകുതിയില്‍ സ്വീഡന്‍ തുടരെ മുന്നേറി. 59-ാം മിനിറ്റില്‍ അടുത്ത ഗോളെത്തി. എലീസ് സ്‌ഖിരിയുടെ അലക്ഷ്യമായ ക്ലിയറന്‍സ് മുതലെടുത്ത് ഇസാക് നല്‍കിയ പാസ് വിക്‌ടര്‍ ഗ്യോകേഴ്‌സ് ഗോളാക്കി. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ പകരക്കാരന്‍ മതിയാസ് സ്വാന്‍ബെര്‍ഗ് നാലാം ഗോളടിച്ചു. ഇസാക്കിന്റെ അസിസ്‌റ്റിനെ റഫറി ആദ്യം ഓഫ് സൈഡ് വിധിച്ചെങ്കിലും വാര്‍ പരിശോധനയ്‌ക്ക് ശേഷം ഗോള്‍ അനുവദിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു (96) സ്വീഡന്റെ അഞ്ചാം ഗോള്‍. പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും നിഷ്‌പ്രഭമാക്കി അയാരി തന്റെ രണ്ടാം ഗോളടിച്ചു.






