
മലപ്പുറം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അഭിമാനത്തോടെ മുന്നോട്ടുവച്ച ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം തിരിച്ചടിയായി എന്ന് വിലയിരുത്തൽ. മുദ്രാവാക്യം പ്രതീക്ഷിച്ച ഫലം നൽകിയില്ല എന്ന് മുൻ മന്ത്രി പി. രാജീവ്. മുദ്രാവാക്യം ജനങ്ങളിൽ മറ്റൊരു ബോധം രൂപപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിൽ പങ്കെടുക്കുമ്പോഴായിരുന്നു പി. രാജീവിന്റെ തുറന്നുപറച്ചിൽ.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ നടപടി സ്വീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കണമായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്നാണ് വിലയിരുത്തല്‍. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ബോധപൂർവം സൃഷ്ടിച്ച വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കുന്നതിനാണ് ചില നേതാക്കള്‍ ശ്രമിച്ചത്. പഴയ വിഭാഗീയത മനസ്സില്‍വെച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ചിലരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






