
മലയാളസിനിമയെ സംബന്ധിച്ച് ഒരു തലമുറയുടെ സിരകളിലാകെ തീ കോരി നിറച്ച ക്ഷുഭിത യൗവ്വനമായിരുന്നു സുകുമാരന്‍ എന്ന അഭിനേതാവ്. അതുവരെ മലയാളസിനിമ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി തീക്ഷ്ണമായ കണ്ണുകളിൽ നിഷേധത്തിന്റെ കടലിരമ്പിയ നായകനെയാണ് സുകുമാരനിലൂടെ പ്രേക്ഷകര്‍ കണ്ടത്. നേരേ വാ നേരേ പോ ശൈലിക്കാരനായ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത സുകുമാരന്‍ തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ പ്രകടിപ്പിച്ചിട്ടുണ്ട്.
ആ അഭിനയസാമ്രാട്ട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് 29 വര്‍ഷം പിന്നിടുകയാണ്. വെള്ളിത്തിരയ്ക്ക് പുറത്ത് വ്യക്തിജീവിതത്തിലും സുകുമാരന്‍ ശരിക്കും ഐഡിയല്മാനായിരുന്നു. ഭാര്യ മല്ലികയ്ക്ക് കരുതലും ചേര്‍ത്തുപിടിക്കുന്ന ഭര്‍ത്താവാണെങ്കില്‍ മക്കള്‍ക്ക് തമാശക്കാരനായ, സ്നേഹനിധിയായ അച്ഛനായിരുന്നു. ഭാവിയെപ്പറ്റി ദീർഘവീക്ഷണമുള്ള കുടുംബനാഥനായിരുന്നു സുകുമാരന്‍. അതുകൊണ്ടൊക്കെയാണ് സുകുവേട്ടന് എന്ന് അഭിമാനത്തോടെ പറയുമ്പോള്‍ മല്ലികയ്ക്ക് കണ്ണു നിറയുന്നത്.
ഇപ്പോഴിതാ സുകുമാരനെ ഓര്‍ത്ത് ഇമോഷണലായി കുറിപ്പ് പങ്കിടുകയാണ് ഭാര്യയും അഭിനേത്രിയുമായ മല്ലിക സുകുമാരന്‍. തണലായും തലോടലായി മുന്നോട്ടു നയിക്കുന്ന കെടാവിളക്കായി സുകുമാരന്‍ കൂടെയുണ്ടെന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്.
‘‘നീണ്ട 29 വർഷങ്ങൾ....അകലെ ആണെങ്കിലും എനിക്കും എന്റെ മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്, സുകുവേട്ടാ....തണലായി... തരംഗമായി...തലോടലായി...മുന്നോട്ട് നയിക്കുന്ന കെടാവിളക്കായി....’’ എന്നാണ് മക്കള്‍ക്കും സുകുമാരനുമൊപ്പമുള്ള എഐ ചിത്രം പങ്കിട്ട് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്.






