
മണിരത്നം സംവിധാനം ചെയ്ത് ഏറെ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ലഭിച്ച ചിത്രമാണ് ‘റോജ’. ആ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയ താരമാണ് മധു ഷാ. ഗ്രാമത്തിന്റെ നിഷ്കളങ്കതയില്‍ ജീവിച്ച ഒരു പെണ്‍കുട്ടി തീവ്രവാദികളുടെ തട്ടിക്കൊണ്ടു പോകുന്ന തന്റെ ഭര്‍ത്താവിനെ ആത്മധൈര്യം കൊണ്ടും വിശ്വാസം കൊണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാണ് ‘റോജ’യുടെ കഥ. ആ ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷകര്‍ മധു ഷായെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമടക്കം മധു തിളങ്ങി.
കരിയറിന്റെ പീക്ക് ടൈമില്‍ സിനിമ ഉപേക്ഷിച്ചെങ്കിലും മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് മധു ‘റോജ ഗേള്‍’ തന്നെയാണ്. എന്നാല്‍ അടുത്തിടെ ഒടിടി സീരീസായ ‘സ്വീറ്റ് കരം കോഫി’യിലൂടെ താരം വീണ്ടും നിരൂപകപ്രശംസ നേടുന്നുണ്ട്. മൂന്ന് വ്യത്യസ്ത തലമുറകളിലെ സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള പ്രൈം വീഡിയോ ഷോയിൽ ഒരു വീട്ടമ്മയുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. മടങ്ങിവരവിലും മികച്ച പ്രൊജക്ടുകളുമായി തിരക്കിലാണ് താരം.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ‘ചിന്ന ചിന്ന ആശൈ’യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി എന്ന അഭിനേതാവിനെക്കുറിച്ച് പറയുകയാണ് മധു ഷാ. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ ‘റോജ’യിലെ ഒരു സീനില്‍ താന്‍ നല്‍കിയ എക്സ്പ്രെഷന്‍ മമ്മൂട്ടിയില്‍ നിന്ന് കടമെടുത്തതാണെന്നാണ് മധു ഷാ പറയുന്നത്.
‘‘എന്റെ തുടക്കകാലത്ത് എനിക്കു മുന്നിലെത്തുന്ന എല്ലാ അഭിനേതാക്കളില്‍ നിന്നും ഞാന്‍ എന്തെങ്കിലുമൊക്കെ പഠിച്ചിരുന്നു. അന്നൊക്കെ ഏത് ആക്ടര്‍ എങ്ങനെയാണ് അഭിനയിക്കുന്നതെന്നറിയില്ല, എല്ലാം പുതുമയാണ്. മമ്മൂക്ക സാറിനൊപ്പവും ഞാന്‍ തുടക്കകാലത്താണ് അഭിനയിച്ചത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ നല്‍കിയ ഒരു എക്സ്പ്രെഷന്‍ എന്റെ മനസ്സില്‍ സ്റ്റക്കായി കിടന്നു. അതിനു ശേഷമാണ് ഞാന്‍ ‘റോജ’ സിനിമ ചെയ്യുന്നത്. ആ സിനിമയിലെ ഒരു രംഗത്തിന് മമ്മൂക്ക സാറുമായി ഒരു ബന്ധമുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന് പോലും അറിയാത്ത ഒരു കാര്യമാണിത്.
‘റോജ’യ്ക്കായി ഊട്ടിയിലെ നൈറ്റ് ഷൂട്ടിംഗായിരുന്നു അത്. ഞാനന്ന് ഏറെ ക്ഷീണിതയുമായിരുന്നു. ഷോട്ട് റെഡിയെന്ന് പറഞ്ഞത് വിളിച്ചപ്പോള്‍ ഞാന്‍ ചെന്നത് വൈകാരികമായ ഒരു സീന്‍ ചെയ്യാനാണ്. സീനില്‍ എന്റെ കഥാപാത്രം ഭര്‍ത്താവിന്റെ ബോഡി ഐഡന്റിഫൈ ചെയ്യാന്‍ പോലീസിനൊപ്പം പോകുന്നതാണുള്ളത്. ഞാനത് ചെയ്തത് വലിയ റിയാക്ഷനൊന്നും കൊടുക്കാതെയാണ്. വെള്ളത്തുണി വച്ച് മൂടിയ ആ ബോഡിയിലേക്ക് നോക്കിയ ശേഷം ശബ്ദിക്കാതെ ഒരു വലിയ ദീര്‍ഘനിശ്വാസം മാത്രം കൊടുത്ത് ഞാന്‍ പിറകിലേക്ക് മാറി. അത്രയേ ഉണ്ടായിരുന്നുള്ളൂ. അത് മമ്മൂട്ടി സാറിൽ നിന്ന് ഞാൻ കടമെടുത്ത എക്സ്പ്രെഷനായിരുന്നു. അദ്ദേഹത്തിന്റെ ചില സിനിമകളിൽ ഞാനത് കണ്ടിട്ടുണ്ട്, ശ്രദ്ധിച്ചിട്ടുണ്ട്, ഇഷ്ടപ്പെട്ടിട്ടുണ്ട്.
മലയാള താരങ്ങളെ സംബന്ധിച്ച് ചില രംഗങ്ങള്‍ വലിയ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ എക്സ്പ്രെസ് ചെയ്യും. ചില തലയാട്ടങ്ങള്‍ കൊണ്ട്, തോളനക്കങ്ങള്‍ കൊണ്ട്, നോട്ടം കൊണ്ട്... അതാണ് മലയാളി ആക്ടേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത...റോജയിലെ ആ വൈകാരിക രംഗത്തില്‍ ഞാന്‍ നല്‍കിയത് മമ്മൂക്ക സാറില്‍ നിന്ന് കടമെടുത്ത എക്സ്പ്രെഷനാണ്...’’ മധു ഷാ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം അഴകന്‍, നീലഗിരി എന്നീ സിനിമകളിലാണ് മധു ഷാ അഭിനയിച്ചിട്ടുള്ളത്.
ഇപ്പോൾ സംവിധായിക വർഷ വാസുദേവന്റെ ‘ചിന്ന ചിന്ന ആശൈ’ എന്ന തമിഴ്-മലയാളം ദ്വിഭാഷാ റൊമാന്റിക് ഡ്രാമയുടെ റിലീസിനായുള്ള ഒരുക്കത്തിലാണ് മധു ഷാ . ഇന്ദ്രൻസിനൊപ്പമാണ് മധു ഈ ചിത്രത്തിലെത്തുന്നത്. ഇന്ദ്രന്‍സും മധു ഷായും ഒരുമിച്ച് സ്ക്രീനിലെത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.






