
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ തനിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഭീകരന്മാരുടെ രൂപത്തില്‍ എത്തിയപ്പോള്‍ തടയുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ഇ പി ജയരാജന്റെ വിശദീകരണം.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നതെന്നും കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ പി ജയരാജന് പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായതെന്നും കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ കോടതിയ്ക്ക് ഇത്തരം ഒരു അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇ പി ജയരാജന് പറഞ്ഞു.
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഒഴിവാക്കി പൊലീസ് നല്കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു.
2022 ജൂണ്‍ 19നാണ് കേസ്നാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. അന്ന് തങ്ങളെ ഇ പി ജയരാജന് കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇ പി ജയരാജനെ പ്രതിചേര്‍ക്കാനാവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടാണ് തള്ളിയത്. തുടരന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിര്‍ദ്ദേശം.






