
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയും നാട്ടുകാരുടെ സഹായത്തോടെയും പിടികൂടി. മണാശ്ശേരി സ്വദേശി വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജയകുമാറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജയകുമാറിനെ മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷ് തടഞ്ഞുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7.15ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് ജയകുമാർ മാരകായുധവുമായി എത്തി വിനോദ് കുമാറിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നാലെ പ്രതി അതിവേഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കയ്യേരിക്കൽ ഭാഗത്ത് പരിഭ്രാന്തിയോടെ ഓടുന്നത് ഓട്ടോ ഡ്രൈവർ പ്രദീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. വിനോദ് കുമാർ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതോടെ പ്രദീഷ് ഇടപെട്ട് പ്രതിയെ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് പ്രദീഷ് ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിക്കുകയും, ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പ്രതിയെ കീഴടക്കുകയും ചെയ്തു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം മുക്കം പൊലീസ് സ്ഥലത്തെത്തി ജയകുമാറിനെ കസ്റ്റഡിയിലെടുത്തു.
അതേസമയം, തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പൊലീസ് ഇടപെട്ടാണ് സാഹചര്യം നിയന്ത്രിച്ചത്.






