ഫ്‌ളോറിഡ: ഗ്രൂപ്പ് എച്ചിലെ യുറുഗേ്വ സൗദി അറേബ്യ മത്സരത്തില്‍ ആവേശ സമനില. മയാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ അടിച്ചാണ് സമനില പിടിച്ചത്. ആദ്യം പിന്നിലായതിനു ശേഷമാണ് യുറുഗേ്വയുടെ തിരിച്ചുവരവ്.
ലോകകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയത് ഉറുഗേ്വയ്‌ക്ക് നിരാശ സമ്മാനിക്കുന്നുണ്ട്.
പക്ഷേ, മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും മുന്‍ ചാമ്പ്യന്മാര്‍ തങ്ങളുടെ പേരില്‍ കുറിച്ചു. ഒരു ലോകകപ്പ് മത്സരത്തിലെ ഒരു പകുതിയില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ അടിച്ച രണ്ടാമത്തെ ടീമെന്ന നേട്ടമാണ് യുറുഗേ്വ തങ്ങളുടെ പേരിലാക്കിയത്.
മത്സരത്തില്‍ സൗദിക്കെതിരേ യുറുഗേ്വ 27 ഷോട്ടുകള്‍ തൊടുത്തിരുന്നു. ഇതില്‍ 22 എണ്ണവും രണ്ടാം പകുതിയിലായിരുന്നു. ഇതോടെയാണ് ഈ നേട്ടം മുന്‍ ചാമ്പ്യന്മാരെ തേടിയെത്തിയത്.
യുറുഗേ്വയേക്കാള്‍ ലോകകപ്പ് മത്സരത്തിലെ ഒരു ഹാഫില്‍ ഏറ്റവും ഷോട്ടുകള്‍ അടിച്ചത് കിഴക്കന്‍ ജര്‍മനിയാണ്. അതാകട്ടെ 52 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1974 ലോകകപ്പിലായിരുന്നു. അന്ന് ചിലിക്കെതിരെ 24 ഷോട്ടുകളായിരുന്നു ആദ്യ പകുതിയില്‍ ഈസ്‌റ്റ് ജര്‍മനി അടിച്ചത്.
അതേസമയം, മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ സൗദി മുന്‍ ചാമ്പ്യന്മാരെ ഞെട്ടിക്കുകയായിരുന്നു. സൗദി ഡിഫന്‍ഡറായ അബ്‌ദുള്ള അല്‍ അമിരിയാണ് ടീമിന് ലീഡ് നല്‍കിയത്. 41-ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഗോളില്‍ ഒന്ന് ഞെട്ടിയെങ്കിലും ഉറുഗേ്വ ശക്‌തമായ മുന്നേറ്റങ്ങളുമായി തിരിച്ചെത്തി. പക്ഷേ, മുന്‍ ചാമ്പ്യന്മാരുടെ കടുത്ത ആക്രമണങ്ങള്‍ക്ക് മുന്നില്‍ സൗദി പ്രതിരോധകോട്ട തീര്‍ത്തു. ഒടുവില്‍ മത്സരത്തിന്റെ നിശ്‌ചിത സമയം അവസാനിക്കാന്‍ പത്ത് മിനിട്ടുകള്‍ ശേഷിക്കെ ഉറുഗേ്വ സമനില ഗോള്‍ നേടി. മാക്‌സിമിലിയാനോ അരൗജോയാണ് ഗോള്‍ വേട്ടക്കാരന്‍.






