ലോസ് ആഞ്ചലസ്: നാട്ടില്‍ യു.എസ്. ആക്രമണങ്ങളും അനിശ്ചിതത്വങ്ങളും വേട്ടയാടുന്ന വേളയില്‍ അമേരിക്കന്‍ മണ്ണില്‍ ഇറാന് ന്യൂസിലന്‍ഡിനോട് സമനില.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി-യിലെ ഇറാന്-ന്യൂസിലാന്‍ഡ് മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ലോസ് ആഞ്ചലസില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയാണ് പോയിന്റുകള്‍ പങ്കുവച്ചത്. രണ്ട് തവണ പുറകില്‍ നിന്ന ശേഷമാണ് ഇറാന് സമനില പിടിച്ചത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡിനു വേണ്ടി എലിയ ജസ്റ്റ് ഇരട്ട ഗോള്‍ നേടി. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ എലിയയിലൂടെ ന്യൂസിലാന്‍ഡാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 32ാം മിനിറ്റില്‍ റാമിന് റെസയനിയുടെ ഗോളിലൂടെ ഇറാന് ഒപ്പമെത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു.രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ എലിയയിലൂടെ ഇറാന് വീണ്ടും മുന്നിലെത്തി. 64ാം മിനിറ്റില്‍ മുഹമ്മദ് മോഹേബിയിലൂടെ ഇറാന് സമനില ഗോളും സ്വന്തമാക്കി. വിജയ ഗോളിന് വേണ്ടി ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്കോര്‍ ലൈന്‍ ചലിപ്പിക്കാനായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം സ്വന്തമാക്കി മടങ്ങുകയായിരുന്നു.ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാന് ടീം നിരവധി വെല്ലുവിളികളെ മറികടന്നുകൊണ്ടായിരുന്നു ഈ മത്സരത്തിനിറങ്ങിയത്. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന് ഫുട്ബോള്‍ ഫെഡറേഷന് അനുവദിച്ചിരുന്ന ടിക്കറ്റ് ക്വാട്ട പിന്‍വലിച്ചിരുന്നു. വിസ നിയന്ത്രണങ്ങള്‍ക്ക് പുറമെ പരിശീലന സെക്ഷനുകളിലും ടീമിന് വെല്ലുവിളികളുണ്ടായിരുന്നു.






