
ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന എല്ലാ മത്സരങ്ങളും സമനിലയില്‍ കുരുങ്ങി. കരുത്തരായ സ്‌പെയ്‌നും യുറുഗ്വേയും ബെല്‍ജിയവുമെല്ലാം ഒരേദിവസം കളത്തില്‍ ഇറങ്ങിയിട്ടും ഒരു ടീമും വിജയം കണ്ടില്ല. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എച്ചില്‍ വമ്പന്മാരായ സ്‌പെയ്‌നാണ് ആദ്യം സമനിലയില്‍ കുടുങ്ങിയത്. ആഫ്രിക്കന്‍ കുഞ്ഞണ്‍ രാജ്യമായ കേപ് വെര്‍ദെയാണ് സ്‌പാനിഷ് പടയെ സമനിലയില്‍ തളച്ചത്. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടാതെ ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവച്ചു.
ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍ യുറുഗ്വേ-സൗദി അറേബ്യ പോരാട്ടവും സമനിലയും അവസാനിച്ചു. മയാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനില പിടിച്ചത്. പിന്നിലായതിനു ശേഷമാണ് യുറുഗ്വേയുടെ തിരിച്ചുവരവ്.
ഗ്രൂപ്പ് ജി-യില്‍ നടന്ന മൂന്നാം മത്സരത്തില്‍ ബെല്‍ജിയം ഈജിപ്‌തിനോട് സമനില വഴങ്ങി. സിയാറ്റില്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ജി മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ചു. ആദ്യം ഒരു ഗോളിന് മുന്നിട്ട് നിന്നതിനു ശേഷമാണ് ഈജിപ്‌ത് സമനില വഴങ്ങിയത്. ഓണ്‍ ഗോളാണ് ടീമിന് വിനയായത്.
ഗ്രൂപ്പ് ജി-യിലെ മറ്റൊരു പോരാട്ടമായി ഇറാന്‍-ന്യൂസിലാന്‍ഡ് മത്സരവും സമനിലയില്‍ കലാശിച്ചു. ലോസ് ആഞ്ചലസില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയാണ് പോയിന്റുകള്‍ പങ്കുവച്ചത്.
1958നു ശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ ഒരു ദിവസം നടന്ന എല്ലാ മത്സരങ്ങളും സമനിലയില്‍ അവസാനിക്കുന്നത്. 68 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ അപൂര്‍വ സംഭവത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.






