
അറ്റ്‌ലാന്റ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തിനടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്‌ഥിതി ചെയ്യുന്ന പത്ത് മനോഹരമായ അഗ്നിപര്‍വത ദ്വീപുകള്‍ ചേര്‍ന്ന ഒരു ചെറിയ ദ്വീപ് രാഷ്‌ട്രമാണ് കാബോ വെര്‍ദെ (കേപ് വെര്‍ദെ). ഏകദേശം 5.3 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്തെ ഭൂരിഭാഗം ആളുകളും ആഫ്രിക്കന്‍-യൂറോപ്യന്‍ വംശപാരമ്പര്യം ഒത്തുചേര്‍ന്ന മിശ്ര വംശജരാണ്.
ഇനി ഈ രാജ്യം അറിയപ്പെടുക സ്‌പെയിനെ തളച്ചവര്‍ എന്ന പേരിലാവും. ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കളി സമ്മാനിച്ചവര്‍ എന്ന പെരുമ അവര്‍ സ്വന്തമാക്കി കഴിഞ്ഞു. ഒരു കോട്ട കണക്കെ സ്‌പാനിഷ് മുന്നേറ്റത്തെ തടഞ്ഞ, ലോകകപ്പിലെ രണ്ട് ബുള്ളറ്റ് ഹെഡ്‌ഡറുകള്‍, വെടിച്ചില്ല് ഷോട്ടുകള്‍, നിരനിരയായി മുന്നേറ്റങ്ങള്‍.. ആ പത്ത് പേരെയും കടന്ന് ഗോള്‍വരയ്‌ക്ക് തൊട്ടടുത്തുവരെയെത്തി യൂറോപ്യന്‍ ചാമ്പ്യന്മാരെന്ന പകിട്ടോടെ വിശ്വവേദിയിലെത്തിയ ലുയിസ് ഫുയെന്‍ഡെയുടെ സൈന്യം. അത്രമാത്രം. അതിനപ്പുറത്തേക്ക് കടന്നില്ല. തന്നെ മറികടന്ന് പന്ത് ഗോള്‍വല കുലുക്കില്ലെന്ന് ഒരു നാല്‍പ്പതുകാരന്‍ കട്ടായം പറഞ്ഞു നെഞ്ചുവിരിച്ചു നിന്നു. അവിടെ യൂറോപ്പിനെ അടക്കിഭരിച്ച സ്വപ്‌നസംഘത്തിന് നിരാശയോടെ മടങ്ങേണ്ടിവന്നു.
നാല്‍പ്പതാം വയസില്‍ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന ഒരു മനുഷ്യന്റെ അസാമാന്യ പോരാട്ടം. ഒരു ചങ്കുറപ്പിന്റെ പേര് കൂടിയാണ് വൊസിന്യ.
ആദ്യമായി ലോകകപ്പിനെത്തുന്ന പകപ്പൊന്നുമില്ലാതെ കളത്തിലിറങ്ങി സ്‌പെയിനിനെയും ഫുട്‌ബോള്‍ ലോകത്തെയും ഒന്നാകെ കേപ് വെര്‍ദെ എന്ന കുഞ്ഞന്‍ രാജ്യം ഞെട്ടിക്കുന്നത് വൊസിന്യയെന്ന അവരുടെ ഗോള്‍കീപ്പറുടെ ബലത്തിലാണ്. അയാളുടെ അസാമാന്യ പ്രകടനത്തില്‍ കേപ് വെര്‍ദെ സ്വന്തമാക്കിയത് ജയത്തോളം പോന്ന സമനിലയാണ്. സ്‌പാനിഷ് സംഘത്തെ അവര്‍ ഒന്നാകെ പിടിച്ചുകെട്ടി. ലോകകപ്പില്‍ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വൊസിന്യ മത്സരം ആരംഭിച്ചത്.
സ്‌പെയിന്‍ താരങ്ങളായ ഫെറാന്‍ ടോറസിന്റെയും മീക്കേല്‍ ഒയര്‍സബാലിന്റെയും അടക്കം ഗോളെന്നുറച്ച ഏഴോളം ഷോട്ടുകളാണ് വൊസിന്യ തടുത്തിട്ടത്. കടുപ്പമേറിയ കേപ് വെര്‍ദെ പ്രതിരോധത്തെ മറകടന്നാലും സ്‌പെയിനിന് മുന്നില്‍ വൊസിന്യ മതിലുപോലെ നിന്നു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐമറിക് ലപോര്‍ട്ടെയുടെ ഗോളെന്നുറച്ച ഷോട്ട് വൊസിന്യ രക്ഷിച്ചെടുത്തത് അദ്‌ഭുതത്തോടെയാണ് ഫുട്‌ബോള്‍ ലോകം കണ്ടുനിന്നത്.
രണ്ടാം പകുതിയുടെ അവസാനം സൂപ്പര്‍ താരം ലമീന്‍ യമാലിനെയും നിക്കോ വില്ല്യംസിനെയും കളത്തിലിറക്കിയെങ്കിലും ആ നാല്‍പ്പതുകാരനെ മറികടക്കാനായില്ല. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ക്ലീന്‍ ഷീറ്റ്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമല്ല. ഈ നിമിഷത്തിന് വേണ്ടിയാണ് ജീവിതത്തില്‍ ഇത്രയുംനാള്‍ കാത്തിരുന്നതെന്ന് പറഞ്ഞ് മത്സരശേഷം വൊസിന്യ കണ്ണീരണിഞ്ഞു. പതാകയുമേന്തി മൈതാനത്ത് നടന്നു. ആരാധകരെ അഭിവാദ്യം ചെയ്‌തു. ഇതാ ഈ നാല്‍പ്പതുകാരന്‍ ആ രാജ്യത്തിന്റെ ഹീറോയാകുന്നു.






