
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ, ചിലപ്പോൾ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.






