
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ 30 വിദേശയാത്രകൾ നടത്തിയതായി റിപ്പോർട്ട്. പത്ത് വർഷത്തിനിടെ 17 രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ ഇതിൽ 8 യാത്രകളുടെ ചെലവു സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്കാണ് പൊതുഭരണ വകുപ്പ് മറുപടി നൽകിയത്.പുറത്തുവിട്ട കണക്കുകൾ പ്രകാരം എട്ട് യാത്രകൾക്ക് 74,59,364 രൂപ ചെലവായതായി വ്യക്തമാക്കുന്നു. എന്നാൽ താമസച്ചെലവിനായി ചെലവഴിച്ച തുക പൂജ്യമെന്ന വിചിത്രമായ മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്.
യുഎസ്, ബഹ്‌റൈൻ, നെതർലാൻഡ്സ്, സ്വിറ്റ്‌സർലാൻഡ്, യുഎഇ, യുകെ, ഫ്രാൻസ്, ജപ്പാൻ, നോർവേ, ക്യൂബ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളാണ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ സന്ദർശിച്ചത്.
30 യാത്രകളിൽ നാല് യാത്രകൾ ചികിത്സാ ആവശ്യങ്ങൾക്കായി യുഎസിലേക്കായിരുന്നു. ഇതിന് പുറമെ നാല് സ്വകാര്യ യാത്രകളും നടത്തിയതായി രേഖകളിൽ പറയുന്നു. 2018 ജൂലൈയിൽ യുഎസിലേക്കുള്ള യാത്ര ‘സ്വകാര്യ’മാണെന്ന് സർക്കാർ രേഖ വ്യക്തമാക്കുന്നുവെങ്കിലും, അതിന് 3,82,807 രൂപ യാത്രാചെലവായി അനുവദിച്ചതായി പൊതുഭരണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം മുളക്കുളം സൗത്ത് സ്വദേശി എം.ടി. തോമസിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് മറുപടി ലഭിച്ചത്. യാത്രയും താമസവും സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തതിനെതിരെ അദ്ദേഹം അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.






