
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 12 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പനി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശങ്ങളും പുറത്തിറക്കി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂളുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ പ്രത്യേക പരിശോധന നടത്തണമെന്നും ആരോഗ്യപ്രശ്നങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കുടിവെള്ള സ്രോതസുകൾ പരിശോധിച്ച് ശുചിത്വം ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈഡിസ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്ത് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.






