
ഈസ്‌റ്റ് റഥര്‍ഫോഡ്: സെനഗലിനെ 3-1 നു തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ലോകകപ്പില്‍ വിജയക്കുതിപ്പ് തുടങ്ങി. ന്യൂജഴ്‌സി സ്‌റ്റേഡിയത്തില്‍ നടന്ന ഐ ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകളടിച്ചു. ബ്രാഡ്‌ലി ബാര്‍കോളയാണ് ഒരു ഗോളടിച്ചത്. സെനഗലിനായി ഇബ്രാഹിം എംബായെയും ഗോളടിച്ചു.
കളിയുടെ 54 ശതമാനം സമയത്തും പന്ത് ഫ്രഞ്ച് താരങ്ങളുടെ പക്കലായിരുന്നു. ഒന്നാം പകുതിയില്‍ മിന്നിക്കളിച്ച സെനെഗല്‍ ഫ്രാന്‍സിന് അവസരങ്ങള്‍ നിഷേധിച്ചു. 66-ാം മിനിറ്റില്‍ ആദ്യ ഗോളെത്തിയതോടെ ഫ്രാന്‍സ് ആവേശത്തിലായി. എംബാപ്പെയും ഒലിസെയും ബാര്‍കോളയും കത്തിക്കയറിയപ്പോള്‍ രണ്ടാം പകുതിയില്‍ സെനഗല്‍ ഇല്ലാതായി.
ആദ്യ മിനിറ്റുകളില്‍ ഫ്രാന്‍സും സെനഗലും ഒന്നിലേറെ മുന്നേറ്റങ്ങള്‍ ബോക്‌സുകളിലേക്കു നടത്തിയാണു കളി തുടങ്ങിയത്. നാലാം മിനിറ്റില്‍ എംബാപെയ്‌ക്ക് പന്തു ലഭിച്ചിരുന്നു. പക്ഷേ അവസരം മുതലാക്കാനായില്ല. ഏഴാം മിനിറ്റില്‍ പന്തുമായി കുതിച്ച സെനഗല്‍ താരം ഇസ്‌മായില സാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഷോട്ടുതിര്‍ക്കാന്‍ സാധിച്ചില്ല. സെനഗല്‍ താരം നിക്കോളാസ് ജാക്‌സന്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ ഫ്രാന്‍സിനെ വിറപ്പിച്ചു. ജാക്‌സന്റെ ഗോളെന്നുറച്ച ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക് മൈഗ്നന്‍ കഷ്‌ടപ്പെട്ടു തടുത്തു. സാദിയോ മാനെയ്‌ക്കൊപ്പം നിക്കോളാസ് ജാക്‌സനും ഇസ്‌മായില സാറും സെനഗലിനായി കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലഭിച്ച പന്ത് പെനാല്‍റ്റി ഏരിയയ്‌ക്കു പുറത്തുനിന്ന് ഫ്രഞ്ച് താരം ഡെസിറെ ഡുവേ പോസ്‌റ്റ് ലക്ഷ്യമാക്കി പായിച്ചു. ശക്‌തമായ ഷോട്ട് സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വേഡ് മെന്‍ഡിക്കു ഭീഷണിയാകാതെ പുറത്തേക്ക്.
57ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ ഷോട്ടും മെന്‍ഡി തടുത്തു. എംബാപ്പെയെ മാനെ വീഴ്‌ത്തിയതിന് ഫ്രഞ്ച് താരങ്ങള്‍ പെനാല്‍റ്റി ആവശ്യപ്പെട്ടു. വാര്‍ പരിശോധിച്ച റഫറി ആവശ്യം തള്ളി. 66-ാം മിനിറ്റില്‍ ഗോളെത്തിയതോടെ കളം മാറി. ബോക്‌സിനു പുറത്തുനിന്ന് ഒലിസെ നീട്ടി നല്‍കിയ പാസിലേക്ക് പ്രതിരോധ താരങ്ങളെ അതിവേഗം പിന്നിലാക്കി എംബാപ്പെ ഓടിയെത്തി. മെന്‍ഡി മാത്രം മുന്നില്‍ നില്‍ക്കെ എംബാപ്പെ ഗോളടിച്ചു. തൊട്ടുപിന്നാലെ ഇസ്‌മായില സാര്‍ വല കുലുക്കിയെങ്കിലും ഓഫ് സൈഡായി.
80-ാം മിനിറ്റില്‍ ഉസ്‌മാനെ ഡെംബലെയെ പിന്‍വലിച്ച ഫ്രാന്‍സ് ബ്രാഡ്‌ലി ബാര്‍കോളയെ ഗ്രൗണ്ടിലിറക്കി. 82-ാം മിനിറ്റില്‍ ബാര്‍കോള ഗോളുമടിച്ചു. അഡ്രിയന്‍ റാബിയറ്റ് നീട്ടിനല്‍കിയ പന്ത് ബോക്‌സിലേക്ക് ഓടിക്കയറിയ ബാര്‍കോള പിടിച്ചെടുത്തു. മുന്നിലേക്കു കയറിവന്ന സെനഗല്‍ ഗോള്‍ കീപ്പറിന്റെ തലയ്‌ക്കു മുകളിലൂടെ ഒരു ഗോള്‍. ഇഞ്ചുറി ടൈമിലായിരുന്നു എംബായെയുടെ ഗോള്‍. ഈ ഗോള്‍ ഒന്നാഘോഷിക്കാനുള്ള സമയം സെനഗല്‍ ആരാധകര്‍ക്ക് ലഭിച്ചില്ല. ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ബോക്‌സിനു പുറത്തു നിന്നുള്ള എംബാപ്പെയുടെ ഷോട്ട് വലയിലെത്തി.






