
ലഖ്നൗ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 170 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 402 റണ്ണുമായി ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത അഫ്ഗാന് 44.3 ഓവറില്‍ 232 റണ്ണിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് ഉറപ്പാക്കി. ലഖ്നൗവില്‍ ടോസ് നേടിയ അഫ്ഗാന് നായകന് ഹസ്മത്തുള്ള ഷാഹിദി ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായകന് ശുഭ്മന്‍ ഗില്‍ (110 പന്തില്‍ രണ്ട് സിക്സറും 22 ഫോറുമടക്കഗ 154), ഇഷാന് കിഷന് (79 പന്തില്‍ ഏഴ് സിക്സറും 14 ഫോറുമടക്കം 125) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ 400 ലെത്തിച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ (39 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 48) വെടിക്കെട്ടും ഇന്ത്യക്കു ഗുണമായി.
അഫ്ഗാന് നിരയില്‍ റഹ്മത് ഷാ (89 പന്തില്‍ 79), സെദിഖുള്ള അടല്‍ (50 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 42) എന്നിവര്‍ മാത്രമാണ് പൊരുതിയത്്. ഇന്ത്യക്കായി ഗുര്‍നൂര്‍ ബ്രാറും അര്‍ഷദീപ് സിങും മൂന്ന് വിക്കറ്റ് വീതമെടുത്തു. അരങ്ങേറ്റക്കാരന്‍ പേസര്‍ പ്രിന്‍സ് യാദവ് രണ്ട് വിക്കറ്റുമെടുത്തു. വാഷിങ്ടണ്‍ സുന്ദറിനാണ് ഒരു വിക്കറ്റ്. ഗില്ലിന്റെ ഏകദിനത്തിലെ ഒന്‍പതാം സെഞ്ചുറിയും ഇഷാന്റെ രണ്ടാം സെഞ്ചുറിയുമാണ് ഇന്നലെ പിറന്നത്്. ഗില്ലും ഇഷാനും ചേര്‍ന്ന കൂട്ടുകെട്ട് 141 പന്തില്‍ 224 റണ്ണുമായി ജയത്തിന് അടിത്തറയായി. അവസാന ഓവറുകളില്‍ അഫ്ഗാന് ബൗളര്‍മാര്‍ക്കു പിടിച്ചെറിയാന് കഴിഞ്ഞതിനാല്‍ സ്കോര്‍ 450 കടന്നില്ല.അവസാന പത്ത് ഓവറുകളിലായി 62 റണ്‍ മാത്രമാണ് ഇന്ത്യ നേടിയത്. അഫ്ഗാന്റെ അരങ്ങേറ്റ താരം ഡാര്‍വിഷ് റസൂലി (ആറ്) ബാറ്റ് ചെയ്യുന്നതിനിടെ പരുക്കേറ്റ മടങ്ങിയിരുന്നു. ഗില്ലാണു മത്സരത്തിലെ താരം.






