
ലീഡ്ഡ്: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് തുടരെ രണ്ടാം ജയം. ഇന്നലെ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ നെതര്‍ലന്‍ഡ്സിനെ 95 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 209 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 17.3 ഓവറില്‍ 114 റണ്ണിന് ഓള്‍ഔട്ടായി. ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ഇന്നലെ ഇന്ത്യക്കായി ഇടംകൈയന്‍ സ്പിന്നര്‍ ശ്രീ ചരണി നാല് വിക്കറ്റെടുത്തു. ഷഫാലി വര്‍മ മൂന്ന് വിക്കറ്റുമായും തിളങ്ങി. ടോസ് നേടിയ നെതര്‍ലന്‍ഡ്സ് നായിക ബാബെറ്റ ഡാ ലീഡ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ സ്മൃതി മന്ദാന (47 പന്തില്‍ ഒരു സിക്സറും 11 ഫോറുമടക്കം 74), ഷഫാലി വര്‍മ (38 പന്തില്‍ 55) എന്നിവര്‍ ഇന്ത്യക്കു മികച്ച തുടക്കം നല്കി. ഓപ്പണിങ് സഖ്യം 115 റണ്ണെടുത്താണു മടങ്ങിയത്. ഷഫാലിയെ സീഗേഴ്സ് പുറത്താക്കി. മൂന്നാമതായി ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് (13 പന്തില്‍ 19), യസ്തിക ഭാട്ടിയ (മൂന്ന്), നായിക ഹര്‍മന്‍പ്രീത് കൗര്‍ (ഒന്‍പത് പന്തില്‍ 12) എന്നിവര്‍ നിരാശപ്പെടുത്തി. റിച്ചാ ഘോഷ് എട്ട് പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 20 റണ്ണുമായി പുറത്താകാതെനിന്നു. ശ്രേയങ്കാ പാട്ടീലിന് പന്തെറിയുന്നതിനിടെ കാലിനു പരുക്കേറ്റത് തിരിച്ചടിയായി. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ കളി തീരാന്‍ 63 പന്തുകള്‍ ശേഷിക്കേ ജയത്തിലെത്തി. കിം ഗാരേത്, സോഫ മോളിനക്സ്, എലിസ പെറി എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.






