
ഫോക്സ്ബ്രോ: ഇറാഖിനെതിരായ ഫുട്ബോള്‍ ലോകകപ്പ് ഐ ഗ്രൂപ്പ് മത്സരത്തില്‍ നോര്‍വേയ്ക്ക് തകര്‍പ്പന്‍ ജയം. ബോസ്റ്റണിലെ ഗില്ലറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളുകള്‍ കാണികള്‍ക്കു വിരുന്നായി.
ഇറാഖിനായി ഗോളടിച്ചു നായകനായ അയ്മന് ഹുസൈന് സെല്‍ഫ് ഗോളടിച്ചു വില്ലനുമായി. ലിയോ സ്റ്റിഗാഡാണ് നോര്‍വേയുടെ ഒരു ഗോളടിച്ചത്. ഹാളണ്ടിന്റെ കന്നി ലോകകപ്പാണിത്. കൂടാതെ ലോകകപ്പില്‍ നോര്‍വേയുടെ ആദ്യ ജയവുമാണിത്. കളി തുടങ്ങി 29-ാം മിനിറ്റില്‍ നോര്‍വെ മുന്നിലെത്തി. ഡേവിഡ് മൊല്ലെര്‍ വോള്‍ഫെയുടെ അസിസ്റ്റില്‍നിന്ന് എര്‍ലിങ് ഹാളണ്ടാണ് ഗോളടിച്ചത്. ഗോള്‍ കീപ്പര്‍ ജലാല്‍ ഹസന് പന്തില്‍ തൊടാനായില്ല.
39-ാം മിനിറ്റില്‍ അയ്മന് ഹുസൈനിലൂടെ ഇറാഖ് ഒപ്പമെത്തി. അമിര്‍ അലാമാരിയുടെ നീക്കമാണു ഗോളിലേക്കുള്ള വഴിയായത്. അലാമാരിയുടെ ക്രോസ് നോര്വീയിന് ഗോള്‍ മുഖത്ത്. പ്രതിരോധം ഉണരും മുമ്പ് അയ്മന്റെ ഹെഡര്‍. ഡൈവ് ചെയ്ത ഗോള്‍ കീപ്പര്‍ ഒര്യാന് നൈലാന്‍ഡിന്റെ മുന്നില്‍ കുത്തിയുയര്‍ന്ന പന്ത് വലയിലേക്ക്. 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോകകപ്പില്‍ കളിക്കുന്ന ഇറാഖിന് സ്വപ്ന നിമിഷം. 43-ാം മിനിറ്റില്‍ ഹാളണ്ട് തന്റെ രണ്ടാം ഗോളടിച്ചു. ഡിഫന്‍ഡര്‍മാരും ഗോള്‍ കീപ്പര്‍ ജലാല്‍ ഹസനും തമ്മിലുണ്ടായ ധാരണപ്പിശകിനിടെയാണു ഹാളണ്ട് ഗോളടിച്ചത്്. പന്ത്ക്ല ിയര്‍ ചെയ്തുള്ള ഹസന്റെ ഷോട്ട് ഹാളണ്ടിന്റെ കാലില്‍ തട്ടി വലയില്‍ കയറി. 76-ാം മിനിറ്റിലാണ് നോര്‍വെയുടെ ജയമുറപ്പിച്ച ഗോളെത്തിയത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ക്രിസ്റ്റിന് തോസ്റ്റിന്റെ ഗോളിലേക്കുള്ള ഷോട്ടിനെ തടുക്കാനുള്ള ശ്രമത്തില്‍ അയ്മന് സെല്‍ഫ് ഗോളടിച്ചു.
ലോകകപ്പില്‍ ഗോളും സെല്ഫുമടിക്കുന്ന മൂന്നാമത്തെ താരമാണ് അയ്മന്. 2018 ലോകകപ്പില്‍ ഫ്രാന്‍സിനെതിരേ ക്ര?യേഷ്യയുടെ മരിയോ മന്‍സൂകിച് ആദ്യം സെല്‍ഫ് ഗോളടിച്ചു. പിന്നീടാണു മന്‍സൂകിച് സെല്‍ഫ് ഗോളിനു പരിഹാരമായി ഗോളടിച്ചത്. 1978 ല്‍ നെതര്‍ലന്‍ഡ്സിന്റെ ഏര്‍ണി ബ്രാന്‍ഡ്സ് ഇറ്റലിക്കെതിരേ ഗോളും സെല്ഫുമടിച്ചു. ഒന്നാം പകുതിയിലായിരുന്നു ഏര്‍ണി സെല്‍ഫ് ഗോളടിച്ചത്. രണ്ടാം പകുതിയില്‍ സമനില ഗോളടിക്കാനും ഏര്ണിക്കായി. നെതര്‍ലന്‍ഡ്സ് മത്സരം 2-1 നു ജയിച്ചു. 1998 ലാണ് നോര്‍വേ അവസാനമായി ലോകകപ്പില്‍ കളിച്ചത്. അന്ന് പ്രീ ക്വാര്‍ട്ടര്‍ വരെയെത്തി. മറ്റൊരു ലോകകപ്പിനായി അവര്‍ക്ക് 28 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. എര്‍ലിങ് ഹാളണ്ടെന്ന സൂപ്പര്‍ താരത്തിന്റെ തോളിലേറിയാണ് അവര്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. നോര്‍വേയെ ആദ്യ മത്സരത്തില്‍ ജയത്തിലെത്തിച്ചതും ഈ 25 വയസുകാരനാണ്. ഇറാഖിന്റെ അടുത്ത മത്സരം തിങ്കളാഴ്ച ഫ്രാന്സിനെതിരേയാണ്്.






