
തിരുവനന്തപുരം: പുതിയ ഭരണകൂടത്തിന് സംഘപരിവാര്‍ ശക്തികളോട് വിധേയത്വമാണെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ സംഘപരിവാര്‍ താല്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്ന പതിവ് ദൃശ്യമാകുകയാണെന്നും വിമര്‍ശിച്ചു.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലും യുഡിഎഫ് മുന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയി. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നയങ്ങള്‍ക്കെതിരെ മിണ്ടാന്‍ പോലും സംസ്ഥാന ഭരണകൂടം തയ്യാറാകുന്നില്ല. ആര്‍എസ്എസ് പരിപാടിയില്‍ മൂന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്ത വിഷയത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ഇതിന് തെളിവാണ്. ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പോലും പറയുന്നത്. വോട്ട് തട്ടാന്‍ വേണ്ടി മാത്രമായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ നല്‍കിയതെന്നും കുറ്റപ്പെടുത്തി.
യുഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന 'പുതുയുഗം' എന്ന മുദ്രാവാക്യം കേരളത്തിന്റെ മതനിരപേക്ഷ-ജനാധിപത്യ പാരമ്പര്യത്തെ തകര്‍ക്കാനുള്ളതാണെന്ന് കഴിഞ്ഞ ഒരു മാസത്തെ ഭരണം തെളിയിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളില്‍ നിന്ന് വി ഡി സതീശന്‍ വ്യതിചലിച്ചെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ നയങ്ങളുടെ അടിവേരിളക്കുന്ന രേഖയാണെന്നും പറഞ്ഞു.
ഇതിനെയെല്ലാം മറയാക്കി സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശാഭിമാനിയിലും ജനയുഗത്തിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെയാണ് പിണറായി വിജയന്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിലും, രൂക്ഷമാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.






