
കോട്ടയം: പ്രിയദര്‍ശിനി ഹിറ്റായി... വരുമാനത്തില്‍ പാളി സ്വകാര്യ ബസുകള്‍. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഒരു പോലെ സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ ബസുകള്‍ക്കാണു വരുമാന നഷ്ടം. എന്നാല്‍, കെ.എസ്.ആര്‍.ടി.സി. ഇല്ലാത്തതിനാല്‍ വരുമാനത്തില്‍ ഒരു രൂപയുടെ പോലും നഷ്ടമുണ്ടാകാത്ത ബസുകളുമുണ്ട്. വരുമാനത്തില്‍ 3000 രൂപയുടെ വരെ കുറവുണ്ടായ ബസുകളുണ്ട്്. പദ്ധതി പൂര്‍ണമായി ഫലപ്രാപ്തിയിലെത്താന്‍ രണ്ടാഴ്ചയെങ്കിലും വേണമെന്നിരിക്കേ ഇതിനു ശേഷം തുടര്‍ തീരുമാനങ്ങളെടുക്കാനാണ് ബസ് ഉടമകളുടെ ആലോചന.
കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകളിലെ 60 ശതമാനം സ്ത്രീ യാത്രക്കാരും നഷ്ടമായെന്നാണ് വിലയിരുത്തല്‍. സമയ വ്യത്യാസമില്ലാതെ ഇരു ബസുകളും എത്തിയാല്‍ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ആണ് തെരഞ്ഞെടുക്കുന്നത്. വരുമാനത്തിലെ കുറവ് സ്ഥിരമായാല്‍ വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ആലോചനകളും ഉടമകള്‍ക്കുണ്ട്. എം.സി. റോഡ്, കെ.കെ. റോഡ്, കോട്ടയം - ചേര്‍ത്തല, പൊന്‍കുന്നം -പാലാ, പാലാ - കൂത്താട്ടുകുളും, ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി തുടങ്ങിയ റോഡുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് ഏറെ വരുമാന നഷ്ടമുണ്ടായത്. 2000- 3000 വരെ രൂപയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. വരുമാനത്തില്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഉടമകളുടെ വിലയിരുത്തല്‍.
പ്രിയദര്‍ശിനി സര്‍വീസില്‍ ആദ്യ ദിനം മുതല്‍ വനിതാ യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഏറ്റവും കുടുതല്‍ യാത്രക്കാര്‍ പദ്ധതിയെ ആശ്രയിക്കുന്നത് വൈക്കം ഡിപ്പോയിലാണ്. എന്നാല്‍, ഇവിടെ സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നില്ല. കോട്ടയം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളില്‍ സ്വകാര്യ ബസുകള്‍ക്കു നഷ്ടമുണ്ടാകുന്നുണ്ട്. അതേസമയം, സമീപ പ്രദേശങ്ങളിലെങ്ങും കെ.എസ്.ആര്‍.ടി.സി. സര്‍വീസില്ലാത്തതിനാല്‍ ഒരു രുപ പോലും നഷ്ടമാകാത്ത നിരവധി റൂട്ടുകളുമുണ്ട്. ഈ സാഹചര്യത്തില്‍ വരുമാന നഷ്ടത്തിന്റെ പേരില്‍ എല്ലാ സ്വകാര്യ ബസുകള്‍ക്കുമായും എന്തെങ്കിലും പാക്കേജ് പ്രഖ്യാപിച്ചാലും തിരിച്ചടിയുണ്ടാകുമെന്നും ഒരു വിഭാഗം ഉടമകള്‍ പറയുന്നു.






