
തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിന് ആനുപാതികമായി രാജ്യത്ത് ഉടനടി ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. വില കുറഞ്ഞ എണ്ണ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നതിനുള്ള സമയമടക്കം നിരവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തിടെയുണ്ടായ ഇന്ധനവില വർദ്ധനവിൽ ലിറ്ററിന് 3.94 രൂപയുടെ വർദ്ധനവ് മാത്രമാണ് വിപണിയെ ബാധിച്ചിട്ടുള്ളത്. എന്നാൽ, ആഗോളതലത്തിൽ വില കുറഞ്ഞു എന്ന ഒറ്റക്കാരണത്താൽ ഇത് പെട്ടെന്ന് പിൻവലിക്കാൻ കഴിയില്ല. അന്താരാഷ്ട്ര വിപണിയിലെ കുറഞ്ഞ നിരക്കിലുള്ള എണ്ണ 'ഹോർമുസ് കടലിടുക്ക്' വഴി കപ്പൽ മാർഗ്ഗം വേണം ഇന്ത്യയിലെത്തിക്കാൻ. നിലവിൽ ഈ റൂട്ടിൽ കപ്പലുകളുടെ അമിത തിരക്കാണുള്ളത്. അതിനാൽ ഇവിടുത്തെ സാഹചര്യങ്ങൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ ഈ വർഷം ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് എണ്ണക്കമ്പനികളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ, ഇതുമൂലമുണ്ടായ പ്രതിസന്ധിയുടെ ആഘാതം കേന്ദ്രം ഏറ്റെടുത്തതു വഴി സർക്കാരിന് 12,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഇന്ധനവില ഉയർന്നപ്പോൾ എക്സൈസ് ഡ്യൂട്ടി കുറച്ച് വരുമാനം വേണ്ടെന്നുവെക്കാൻ ഒരു സംസ്ഥാനവും തയ്യാറായില്ല. കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകേണ്ടതുണ്ട്, ഒപ്പം എണ്ണക്കമ്പനികൾക്ക് നിലനിൽക്കുകയും വേണം എന്നും സുരേഷ് ഗോപി പറഞ്ഞു.






